റിയാദ്: (gcc.truevisionnews.com) സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തലസ്ഥാന നഗരമായ റിയാദിലും ചുറ്റുമുള്ള മറ്റ് പ്രവിശ്യകളിലും വെള്ളം കയറുന്നതിനാൽ അടിയന്തിര പ്രതികരണ സംവിധാനം നടപ്പാക്കിയിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. അൽ ഹനകിയ, അൽ മഹദ് എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടായി.
റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനും ഗതാഗതം പുനസ്ഥാപിക്കാനും അടിയന്തിര പദ്ധതി നടപ്പിലാക്കുന്നതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകൾ വൃത്തിയാക്കൽ, ഡ്രെയിനേജുകൾ പരിപാലിക്കൽ, അടിയന്തിര പ്രവർത്തന കേന്ദ്രങ്ങൾ സജ്ജമാക്കുക തുടങ്ങി നിരവധി മുൻകരുതൽ നടപടികൾ ഇതിനോടകം തന്നെ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ഡ്രെയിനേജ് വൃത്തിയാക്കുന്നതിനും മറ്റുമായി പ്രധാനപ്പെട്ട ഇടങ്ങളിൽ ആളുകളെ വിന്യസിച്ചിട്ടുണ്ട്.
മഴ കനക്കുന്ന സാഹചര്യങ്ങളിൽ കാഴ്ചക്ക് മങ്ങലേൽക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പുലർത്താൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
#Heavy #rain #continues #different #parts #SaudiArabia.