ദുബൈ: (gcc.truevisionnews.com) ഗാർഹിക തൊഴിലാളി നിയമം ലംഘിച്ചതിന് ജനുവരി മാസത്തിൽ 14 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകാത്ത 20 കേസുകൾ ഉൾപ്പെടെ ആകെ 22 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ ചട്ടങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്തതായാണ് മറ്റു രണ്ടു നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഗാർഹിക തൊഴിലാളി തിരിച്ചുപോവുകയോ ജോലിക്കെത്താതിരിക്കുകയോ ചെയ്താൽ തൊഴിലുടമക്ക് റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.
നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ കുറ്റക്കാരായ ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
റിക്രൂട്ട്മെന്റ് ഏജൻസികൾ നിയമം പാലിക്കുന്നുണ്ടെന്നും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റിക്രൂട്ട്മെന്റ് ഫീസ് റീഫണ്ട് ചെയ്യുന്നതിലെ കാലതാമസം അടക്കമുള്ള നിയമലംഘനങ്ങൾ ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ വഴിയോ 80084 എന്ന നമ്പറിൽ ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി കോൾ സെന്ററിലൂടെയോ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
പരാതികൾ സുതാര്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യുമെന്നും പ്രസ്താവനയിൽ തൊഴിലുടമകൾക്ക് മന്ത്രാലയം ഉറപ്പ് നൽകി.
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികൾ എല്ലാ നിയമപരമായ ബാധ്യതകളും പാലിക്കുന്നതിനൊപ്പം യോഗ്യതയുള്ള തൊഴിലാളികളുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ലൈസൻസില്ലാത്ത ഏജൻസികളുമായോ സംശയാസ്പദമായ സോഷ്യൽ മീഡിയ സേവനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്ന ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികളുടെ ഔദ്യോഗിക പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
#Violation #domestic #worker #law #domestic #workers #action #against #recruitment #agencies