കുവൈത്ത് സിറ്റി: (gcc.truevisionnews.com) രാജ്യത്ത് രണ്ടിടത്ത് തീപിടിത്തം. വഫ്രയിലെ ഫാമിലെ ഷാലെയിലും സാൽമിയയിലെ ഒരു ഷാലെയിലുമാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെ സാൽമിയയിലാണ് ആദ്യ സംഭവം.
പ്രദേശത്ത് ടോർപ്പിഡോകൾ നന്നാക്കുന്നതിനുള്ള വർക്ക്ഷോപ്പായി ഉപയോഗിച്ചിരുന്ന ഷാലെയിലാണ് തീപിടിത്തം ഉണ്ടായത്. ബിദ്ദ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് വഫ്രയിലെ ഫാമിലെ ഷാലെകളിൽ തീപിടിത്തം ഉണ്ടായത്. ഫാമിൽ തൊഴിലാളികൾക്ക് താമസിക്കുന്ന താൽക്കാലിക സ്ഥലത്തായിരുന്നു തീപിടുത്തം.
വഫ്ര, നുവൈസീബ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. വേനൽ കനക്കുന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ട്.
തിങ്കളാഴ്ച മറ്റു രണ്ടിടത്ത് തീപിടിത്തം റിപ്പോർട്ടു ചെയ്തിരുന്നു. തിങ്കളാഴ്ച ആൻഡലൂസിൽ വീട്ടിൽ തീപിടിച്ചിരുന്നു. അപകടസമയം വീട്ടിൽ അകപ്പെട്ട 12 പേരെ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. അഖില പ്രദേശത്ത് ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിന് തീ പിടിച്ച് രണ്ട് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
വേനൽ കനക്കുന്നതിനാൽ വീടുകളിലും സഥാപനങ്ങളുലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ ഉണർത്തി.അഗ്നിരക്ഷാസേന സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.
#Firebreakout #two #places #Cases #increasing #caution #required