ദുബായ്: (gcc.truevisionnews.com) ജോർദാൻ തലസ്ഥാനമായ അമ്മാനിൽ തീപിടിത്തത്തിൽ നാലു സഹോദരങ്ങൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. അമ്മാനിന്റെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അബു അലൻഡ മേഖലയിലെ ഒരു പള്ളിയോട് ചേര്‍ന്ന കെട്ടിടത്തിലെ താഴത്തെ നിലയിൽ ഇന്നായിരുന്നു ദാരുണ സംഭവം.
അഞ്ച് മുതൽ പത്ത് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് തീ പൊള്ളലേറ്റ് മരിച്ചതെന്ന് ജോർദാൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വക്താവ് പറഞ്ഞു. ഇതേ കുടുംബത്തിൽപ്പെട്ട രണ്ടും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾക്ക് പുക ശ്വസിച്ചതിനാൽ ശ്വാസതടസ്സം അനുഭവപ്പെട്ടു. അവർക്ക് സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേയ്ക്ക് മാറ്റി.
ഉടൻ സ്ഥലത്തെത്തിയ കിഴക്കൻ അമ്മാനിലെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ അഗ്നിശമന സേനകളും രക്ഷാപ്രവർത്തകരും തീ നിയന്ത്രണവിധേയമാക്കിയത് കൂടുതൽ വ്യാപിക്കുന്നത് തടയാനായി. തീപിടിത്ത കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുന്നു.
Four siblings die fire Jordan capital Amman