May 11, 2025 12:21 PM

റിയാദ്: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും. മേഖലയിലെ സുരക്ഷയും സമാധാനവും പുഃനസ്ഥാപിക്കുന്നതിലേക്ക് ഈ കരാര്‍ നയിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.

വിവേകത്തോടും ആത്മനിയന്ത്രണത്തോടും ഇരുകക്ഷികളും പുലർത്തിയ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നതായി പ്രസ്താനവനയില്‍ പറയുന്നു. നല്ല അയൽപക്കത്തി​ന്‍റെ തത്വങ്ങളെ അടിസ്ഥാനമാക്കി ഇരു രാജ്യങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും കൈവരിക്കുന്ന രീതിയിൽ സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കാൻ നടത്തുന്ന ഏത്​ ശ്രമത്തിനും സൗദി അറേബ്യയുടെ പിന്തുണയുണ്ടാവുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വെടിനിര്‍ത്തലിനെ യുഎഇയും സ്വാഗതം ചെയ്തു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാൻ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. സ്ഥിരമായ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ ഇരു രാജ്യങ്ങളും കാണിച്ച പ്രതിബദ്ധതയിലും വിവേകത്തിലും ശൈഖ് അബ്ദുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെക്കന്‍ ഏഷ്യയിലാകെ സുരക്ഷയും സ്ഥിരതയും ഉയര്‍ത്തുന്നതിന് ഈ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് മേധാവി അഫ്ര അല്‍ ഹമേലി എക്സ് പ്ലാറ്റ്‍ഫോമില്‍ കുറിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും യുഎഇയ്ക്കുള്ള ചരിത്രപരമായ ശക്തമായ ബന്ധത്തെയും ശൈഖ് അബ്ദുള്ള പരാമര്‍ശിച്ചു. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച ശൈഖ് അബ്ദുള്ള ഇരു രാജ്യങ്ങളും കരാറിലേക്ക് എത്താനെടുത്ത ശ്രമങ്ങളെയും അഭിനന്ദിച്ചു.



Saudi Arabia and UAE welcome India Pakistan ceasefire

Next TV

Top Stories