കുവൈത്ത് സിറ്റി: ( www.truevisionnews.com ) പൊടിക്കാറ്റ്, മഴ, താപനിലയിലെ ഉയർച്ച താഴ്ചകൾ തുടങ്ങി രാജ്യത്ത് അസ്ഥിരമായ കാലവാസഥ ഈ മാസം അവസാനം വരെ തുടരുമെന്ന് സൂചന. പെട്ടെന്നുള്ളതും കഠിനവുമായ അന്തരീക്ഷ മാറ്റങ്ങൾക്ക് സാക്ഷിയാകുന്ന ‘സരായത്ത്’ സീസണിലാണ് രാജ്യം.
ഈ ഘട്ടത്തിൽ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ സാധാരണമാണെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഈ അസ്ഥിരമായ കാലാവസ്ഥ രീതികൾ മാസാവസാനം വരെ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരിതല ന്യൂനമർദ്ദമാണ് പ്രതികൂല കാലാവസ്ഥക്ക് കാരണം.
ഇതിന്റെ ഭാഗമായി നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ, തെക്കൻ കാറ്റുകൾ വീശും. ചില പ്രദേശങ്ങളിൽ ഇത് ശക്തി പ്രാപിക്കുകയും മരുഭൂമികളിലും തുറസായ പ്രദേശങ്ങളിലും പൊടിക്കാറ്റായി മാറുകയും ചെയ്യും.ഇത് തിരശ്ചീന ദൃശ്യപരതയിൽ ഗണ്യമായ കുറവുണ്ടാക്കും. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
പ്രത്യേകിച്ച് രാത്രി വൈകിയുള്ള സമയങ്ങളിൽ നേരിയ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മാറ്റങ്ങളെകുറിച്ച് ജാഗ്രതപുലർത്താനും കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഔദ്യോഗിക അപ്ഡേറ്റുകൾ പിന്തുടരാനും ഉണർത്തി.
Thunderstorms rain Unstable weather conditions continue Kuwait