മസ്കത്ത്: (gcc.truevisionnews.com) ഒരു ചെറിയ ഇടവേളക്ക് ശേഷം ഒമാനിൽ വീണ്ടും താപനില ഉയർന്നു. വിവിധ പ്രദേശങ്ങളിൽ പകൽ സമയത്തെ ചൂടിൽ ഗണ്യമായ വർധനാവാണുണ്ടായിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന ചൂട് അനുഭപ്പെട്ടത് സുഹാറിലാണ്. 44.2 ഡിഗ്രിസെൽഷ്യസ് ആയിരുന്നു ഇവിടുത്തെ താപനില.
മറ്റു പല പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. സുവൈഖ്- 43.1, സൂർ-43.1, ജഅലൻ ബാനി ബു ഹസ്സൻ-42.3, മസ്കത്ത്-42.2, അൽ അവാബി- 42.1, ഖസബ്-41.1 മഹ്ദ-40.8, അൽ അഷ്ഖറ-40.8, ഇബ്രി- 40.8, ഇബ്ര-40.5 ഡിഗ്രി സെൽഷ്യസുമാണ് അനുഭവപ്പെട്ട താപനില. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രവർത്തനം കുറഞ്ഞതോടെയാണ് രാജ്യത്ത് കഴിഞ്ഞ കുറെ ദിവസങ്ങളിലായി താപനിലയിൽ പ്രകടമായ മാറ്റം വന്നത്.
അൽഹജർ പർവ്വത പ്രദേശങ്ങളിൽ മഴ ലഭിക്കുകയും ചെയ്തിരുന്നു. കത്തുന്ന ചൂടിന് ആശ്വാസം പകരുന്നതായിരുന്നു ഇവ. അതേസമയം, വീണ്ടും വടക്കും പടിഞ്ഞാറൻ കാറ്റ് സജീവമായതോടെയാണ് താപനില കുതിച്ചുയരാൻ തുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വൈകുന്നേരംവരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളെയും വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാറ്റിന്റെ ഫലമായി മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങളും മണൽക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരമാലകൾ രണ്ട് മീറ്റർ വരെ ഉയർന്നേക്കും.
After short break temperatures risen again in Oman.