മദീന: (gcc.truevisionnews.com) കുളിമുറിയിൽ തലചുറ്റിവീണ് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി അധ്യാപിക മദീനയിൽ മരിച്ചു. കോട്ടയം തൃക്കൊടിത്താനം സ്വദേശി പുതുപ്പറമ്പിൽ റെജീന ഷെറീഫ് (58) ആണ് മരിച്ചത്. തബൂക്കിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു.
രക്തസമ്മർദ്ദം മൂലം കുളിമുറിയിൽ തലചുറ്റി വീണ് പരുക്കേറ്റതിനെ തുടർന്ന് റെജീന തബൂക്ക് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സ തേടി. വീഴ്ചയിൽ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടായതിനാൽ വിദഗ്ദ്ധ ചികിത്സക്കായി മദീന കിങ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥ പരിഗണിച്ച് എയർ ആംബുലൻസിലാണ് തബൂക്കിൽ നിന്ന് മദീനയിലെത്തിച്ചത്.
കഴിഞ്ഞ 20 ദിവസമായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില വഷളായി ഇന്ന് മരണം സംഭവിക്കുകയായിരുന്നു. റെജീന ഭർത്താവ് ഷെറീഫ് മീരാസാഹിബിനോടൊപ്പം കുടുംബസമ്മേതം വർഷങ്ങളായി തബൂക്കിൽ താമസിക്കുകയായിരുന്നു. ഷെറീഫ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.
പരീത് റാവുത്തറും റഹീമാ ബീവിയുമാണ് മാതാപിതാക്കൾ . മക്കൾ: ബ്യൂലാ ഷെറീഫ് (നഴ്സ്, അബഹ, സൗദി), യാസിൻ ഷെറീഫ് (ഹൈദരാബാദ്), സഫ്ന ഷെറീഫ് (നഴ്സിങ് വിദ്യാർഥി, കേരളം).
ആശുപത്രിയിലെ സഹായത്തിനും നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനും മൃതദേഹം സംസ്കരിക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ മദീന കെഎംസിസി വെൽഫെയർ വിങ് ഭാരവാഹി മൂഹമ്മദ് ഷഫീഖ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ ഖബറടക്കും.
Malayali teacher dies Medina after falling bathroom