അബുദാബി : നാളെ ആരംഭിക്കുന്ന കേരള ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ യുഎഇയിലെ സ്കൂളുകൾ പൂർത്തിയാക്കി. 8 കേന്ദ്രങ്ങളിലായി 495 വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്.
മലയാളികൾക്കു പുറമേ വിവിധ രാജ്യക്കാരും കേരള ബോർഡ് പരീക്ഷ എഴുതുന്നുണ്ട്.അതതു എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രത്യേക അനുമതി എടുത്താണു പരീക്ഷ നടത്തുന്നത്.
കേരളത്തിൽ 24നു തുടങ്ങിയെങ്കിലും സയൻസ്, കൊമേഴ്സ് സ്ട്രീം മാത്രമുള്ള യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ നാളെയാണ് പരീക്ഷ ആരംഭിക്കുക.സെന്റർ മാറി കേരളത്തിൽനിന്ന് എത്തിയ 8 വിദ്യാർഥികളും യുഎഇയിലെ വിവിധ സ്കൂളുകളിൽ പരീക്ഷ എഴുതുന്നുണ്ട്.
ഇതേസമയം നിലവിൽ കേരളത്തിലുള്ള 7 പ്രവാസി വിദ്യാർഥികൾക്ക് അവിടെയും പരീക്ഷ എഴുതാനും അനുമതി നൽകി.പരീക്ഷയ്ക്ക് അര മണിക്കൂർ മുൻപ് ക്ലാസിൽ എത്തണം.
മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.ഒരു ക്ലാസിൽ 2 മീറ്റർ അകലം പാലിച്ച് 10 പേർക്കാണ് അനുമതി. ക്ലാസിന്റെ വലിപ്പമനുസരിച്ച് എണ്ണത്തിൽ വ്യത്യാസമുണ്ടാകും.പരീക്ഷാ മേൽനോട്ടത്തിനായി കേരളത്തിൽനിന്ന് 8 ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ അതതു സ്കൂളിലെത്തി ഇന്നു ചുമതലയേൽക്കും.
ഇവർക്കും കേരളത്തിൽനിന്ന് എത്തി ഇവിടെ പരീക്ഷ എഴുതുന്നവർക്കും 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നിർബന്ധം. യുഎഇയിലെ വിവിധ സ്കൂളുകളിൽനിന്ന് പരീക്ഷാ ഡ്യൂട്ടിക്കായി എത്തുന്ന ഇൻവിജിലേറ്റർമാർ 2 ഡോസ് വാക്സീൻ എടുത്തിരിക്കണം.
ഇതേസമയം ദുബായിൽനിന്ന് ഉമ്മുൽഖുവൈനിലേക്കു പോകുന്ന ഇൻവിജിലേറ്റേർമാർക്കു വാക്സീനു പുറമേ പിസിആർ ടെസ്റ്റും നിർബന്ധം. റാസൽഖൈമയിൽ വിദ്യാർഥികൾക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് കാണിക്കണം.ഹാൾ ടിക്കറ്റ്, പേന, പെൻസിൽ, റബർ, വാട്ടർബോട്ടിൽ എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്കു അനുവദിക്കൂ. ഇവ കൈമാറാൻ പാടില്ല.
Preparations are complete for the Kerala Higher Secondary Plus One examinations starting tomorrow