കോഴിക്കോട് : ( www.truevisionnews.com ) വടകര ഒഞ്ചിയത്ത് രണ്ട് വീടുകളിൽ മോഷണം. നെല്ലാച്ചേരി കുനിയിൽ അനന്തൻ, കുനിയിൽ രജിത്ത് കുമാർ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. അനന്തന്റെ വീട്ടിൽ നിന്ന് സ്വർണാഭരണം കവർന്നതിനോടൊപ്പം സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌കും മോഷ്ടാക്കൾകൊണ്ട്പോയി. വാതിലുകൾ കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
ഹെൽമറ്റും കോട്ടും കയ്യുറകളും ധരിച്ച് വാക്കത്തിയുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം മെമ്മറി കാർഡുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് വീടുകളിലും ആളുകളില്ലാത്ത സമയത്തായിരുന്നു മോഷണം. കനത്ത മഴ കാരണം സമീപവാസികളും മോഷണം അറിഞ്ഞില്ല. ഇത് മോഷ്ടാക്കൾക്ക് അനുകൂലമായി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തിൽ നിരവധി കടകളില്‍ കയറി പണവും മറ്റ് വസ്തുക്കളും കവര്‍ന്ന ഇതര സംസ്ഥാനക്കാരനായ മോഷ്ടാവിനെ പിടികൂടി. അസം സ്വദേശി ജിയ്യാമ്പൂര്‍ റഹ്‌മാന്‍ ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസമായി മാവൂരിലെ കച്ചവടക്കാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. മാവൂരില്‍ മാത്രം ജിയ്യാമ്പൂര്‍ റഹ്‌മാന്‍ മോഷ്ടിക്കാന്‍ കയറിയത് എട്ട് കടകളിലാണ്. ഇതില്‍ മൂന്ന് കടകള്‍ക്ക് മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇരുനൂറ് മീറ്ററില്‍ താഴെ മാത്രമാണ് ദൂരം. ഈ കടകളില്‍ നിന്നെല്ലാമായി 40,000 രൂപയും നിരവധി സാധനങ്ങളുമാണ് പ്രതി മോഷ്ടിച്ചത്.
കുന്ദമംഗലത്തും പടനിലത്തും കോഴിക്കടകളിലും ഹോട്ടലുകളിലും ജോലിക്ക് നിന്നാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തതിരുന്നത്. വലിയ തുക മോഷ്ടിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് അരീക്കോട് നിന്ന് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജിയ്യാമ്പൂര്‍ റഹ്‌മാന്‍ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി, കുന്ദമംഗലം, മുക്കം തുടങ്ങിയ പൊലീസ് സ്‌റേറഷനുകളിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
Robbery at houses in Onchiyam Kozhikode