കുവൈത്ത് സിറ്റി: (gcc.truevisionnews.com) ആത്മീയ ചികിത്സയുടെയും പ്രവചനങ്ങളുടെയും പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയതിന് ഇമാൻ അബ്ദുൾ കരീം അബ്ബൗദ് കാസിം എന്ന ഇറാഖി സ്ത്രീയെ കുവൈത്തിൽ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അദാൻ പ്രദേശത്ത് വെച്ച് ഇവരെ പിടികൂടിയത്.
തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും, ആളുകളുടെ വ്യക്തിപരമായതും സാമ്പത്തികപരമായതുമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള കഴിവുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഈ സേവനങ്ങൾക്കായി ഇവർ ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥർ നിയമപരമായ അനുമതിയോടെ ഒരു കെണി ഒരുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ കൈവശം മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന കുപ്പികൾ, പ്രത്യേക പേപ്പറുകൾ, ഔഷധ എണ്ണകൾ, പൂട്ടുകൾ, തകിടുകൾ തുടങ്ങിയ പല വസ്തുക്കളും കണ്ടെത്തി. ഇരകളെ സ്വാധീനിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. കണ്ടെത്തിയ വസ്തുക്കൾ പിടിച്ചെടുക്കുകയും പ്രതിയെ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറുകയും ചെയ്തു.
ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തട്ടിപ്പിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും സമൂഹത്തെ ദ്രോഹിക്കുന്ന ആരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സമാനമായ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ അധികൃതരെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
A witch who cheated people out of money under the guise of spiritual healing has been arrested in Kuwait