#CPM Kerala #MV Govindan #Pinarayi Vijayan #CPM State Committee #Election Defeat
തിരുവനന്തപുരം: ( www.truevisionnews.com) സിപിഎം പാർട്ടിയിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യുമെന്നും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഇനി പാർട്ടിയെ നയിക്കാൻ സമഗ്രമായ മാറ്റം വേണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ പുതുക്കിപ്പണിയുകയാണ് ലക്ഷ്യം.
അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമീപകാല തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തെ കടുത്ത വിമർശനമുണ്ടായിരുന്നു. പ്രചാരണം പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.
സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃത്വത്തിന്റെ പല കുറവുകളും കേന്ദ്ര കമ്മിറ്റി എണ്ണിപ്പറഞ്ഞു. ഈ വീഴ്ചകളിൽ വിശദമായ ചർച്ച നടത്താനാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുന്നത്.കോഴിക്കോട് വച്ച് സെപ്റ്റംബർ 13, 14, 15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി യോഗം.

യോഗത്തിൽ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ, സംഘടനാ പ്രവർത്തനം, ജനങ്ങളുമായുള്ള ബന്ധം എന്നിവ വിശദമായി ചർച്ച ചെയ്യും.പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ നയങ്ങളും പരിപാടികളും രൂപീകരിക്കും. അടിസ്ഥാന തലം മുതൽ നേതൃത്വം വരെ ഉത്തരവാദിത്തം നിശ്ചയിച്ച് പ്രവർത്തനം കാര്യക്ഷമാക്കാനാണ് തീരുമാനം.
ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലും ഫീൽഡ് വർക്കും ശക്തമാക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാർട്ടിയുടെ പുനഃസംഘടന. പഴയ രീതികൾ മാറ്റി പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാണ് നേതൃത്വത്തിന്റെ നീക്കം.
Content Highlight: CPM Kerala MV Govindan Party Revamp Major Changes After Election Defeat
#CPM Kerala #MV Govindan #Pinarayi Vijayan #CPM State Committee #Election Defeat



































