റിയാദ്: സൗദി അറേബ്യയിലെ അൽഖോബാറിൽ നിന്നും ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി കുടുംബത്തിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ അർവയാണ് റിയാദിൽനിന്ന് 400 കിലോമീറ്ററകലെയുള്ള അൽഖസറ ജനറൽ ആശുപത്രിയിൽ മരിച്ചത്.
ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. റിയാദ്-മക്ക റോഡിൽ അല്‍ഖസറയില്‍ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. അർവക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്‍മുനിസക്കുമായിരുന്നു സാരമായി പരിക്കേറ്റത്. ഭാര്യ ജർയ, മറ്റു മക്കളായ അയാൻ, അഫ്‍നാൻ എന്നിവർക്ക് നിസാരപരിക്കുകളാണ് സംഭവിച്ചത്.
പൊലീസും റെഡ്ക്രസന്റ് അതോറിറ്റിയും ചേർന്ന് ഉടൻ തന്നെ എല്ലാവരെയും അൽഖസറ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
The injured baby died in a car accident while returning from performing Umrah