മസ്കത്ത്: ഇന്റർനാഷനൽ സെയിലിങ് കപ്പിന്റെ ഉദ്ഘാടന റൗണ്ടിന് ഒമാൻ ആതിഥേയത്വം വഹിക്കും. മാർച്ച് ഒന്നുമുതൽ അഞ്ചുവരെ അൽമൗജ് മസ്കത്തിലാണ് മത്സരങ്ങൾ നടക്കുക.
യുനൈറ്റഡ് കിങ്ഡം, മൊണാക്കോ, ഫ്രാൻസ്, സ്ലോവേനിയ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഒമ്പത് അന്താരാഷ്ട്ര ടീമുകളെ പ്രതിനിധാനം ചെയ്ത് പ്രമുഖരായ നാവികർ പങ്കെടുക്കും.
നാവികൻ മുസാബ് അൽ ഹാദിയുടെ നേതൃത്വത്തിൽ ‘ഒമാൻ സെയിൽ’ ടീമും പങ്കെടുക്കും. ഈ വർഷത്തെ ഇന്റർനാഷനൽ സെയിലിങ് കപ്പ് അഞ്ച് റൗണ്ടുകളിലൂടെയാണ് നടക്കുന്നത്.
മസ്കത്തിലെ അൽ മൗജ് മറീനയിൽ നടക്കുന്ന ആദ്യറൗണ്ടിനുശേഷം, സ്വീഡനിലെ മാർസ്ട്രാൻഡ് ഐലൻഡിൽ ജൂൺ 28 മുതൽ ജൂലൈ രണ്ടുവരെയാണ് അടുത്ത ഘട്ടം നടക്കുക.
മൂന്നാം റൗണ്ട് യുനൈറ്റഡ് കിങ്ഡത്തിലെ കാവോസിൽ ആഗസ്റ്റ് ഒമ്പതുമുതൽ 13വരെയും അരങ്ങേറും. ഒക്ടോബർ 18 മുതൽ 22 വരെ സ്പെയിനിലെ മറീന അൽകൈഡെസയിലും അവസാന റൗണ്ട് കാനറി ദ്വീപുകളിൽ നവംബർ 22 മുതൽ 26 വരെയും നടക്കും.
പ്രധാന അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിനും ടൂറിസം മേഖലകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമായി സുൽത്താനേറ്റിനെ ടൂർണമെന്റ് ഉയർത്തിക്കാട്ടുമെന്ന് ഒമാൻ സെയിലിന്റെ സീനിയർ പ്രോജക്ട് മാനേജർ മറിയം അൽ ജദിദിയെ പറഞ്ഞു.
ടൂർണമെന്റിൽ അന്താരാഷ്ട്ര ബിസിനസ്, ഫിനാൻഷ്യൽ മേഖലയിലെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സുൽത്താനേറ്റിലെ സംരംഭകർക്ക് കൂടിക്കാഴ്ച നടത്താനും ബിസിനസ്, നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറാനും ടൂർണമെന്റ് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് 44 സിംഗിൾ-ഹൾ സെയിലിങ് ബോട്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്.
International Sailing Championship first round from tomorrow in muscat