---
title: "ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം"
english_title: "Kannur native dies under mysterious circumstances in Dubai Family files complaint against company owner"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301856/kannur-native-dies-under-mysterious-circumstances-in-dubai-family-files-complaint-against-company-owner"
published_at: "2025-07-11T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6870a7f256ea6_ddddd.jpg"
keywords: []
---

# ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

> **Lead Summary:** **ദുബായ്: [ ** ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കമ്പനി ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും പരാതി നൽകി.

## Article Content

**ദുബായ്: [ ** ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കണ്ണൂർ പാനൂർ വള്ള്യായി സ്വദേശി അനഘിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കമ്പനി ഉടമയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും നോർക്ക വൈസ് ചെയർമാനും പരാതി നൽകി.

മൊകേരി വള്ള്യായിലെ പോയന്റവിട വാസുവിന്റെയും വത്സലയുടേയും മകനായ അനഘിനെ ഇക്കഴിഞ്ഞ ഫെബ്രുവരി 11നാണ് ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അനഘിനെ കമ്പനി ഉടമ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും കേസിൽ കുടുക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറഞ്ഞു.

കൂത്തുപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർഗോ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനഘ്. കമ്പനിയുടെ കാർഗോ ഇടപാടുമായി ബന്ധപ്പെട്ട് ഇയാൾ ഒരു കേസിൽ അകപ്പെട്ടിരുന്നു. ഇതേ കേസിൽ പ്രതികളായിരുന്ന കമ്പനിയുടെ മാനേജരും എംഡിയുടെ സഹോദരനുമായ വ്യക്തികളെ രക്ഷിക്കാൻ അനഘിനെ കേസിൽ കുടുക്കിയെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

അനഘിന്റെ അമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കേസ് നടത്താനും മകനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാനും വീട് പണയപ്പെടുത്തിയും കടം വാങ്ങിയും ഏകദേശം 13 ലക്ഷത്തോളം രൂപ ദുബായിലേക്ക് അയച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസമാണ് അനഘ് മരിക്കുന്നത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം കേസ് നടത്തിപ്പിനും മൃതദേഹം നാട്ടിലെത്തിക്കാനും ചെലവായ പണം ആവശ്യപ്പെട്ട് കമ്പനി ഉടമ കുടുംബത്തെ ബന്ധപ്പെട്ടതായും അനഘിന്റെ അമ്മ പരാതിയിൽ പറഞ്ഞു.

നാല് മാസത്തെ ശമ്പളവും നാല് വർഷത്തിലേറെ ജോലി ചെയ്തതിന്റെ സെറ്റിൽമെന്റ് തുകയും കമ്പനി നൽകാത്തതിനെതിരെ നോർക്കയ്ക്കും പരാതി നൽകിയിട്ടുണ്ട്. കമ്പനി ഉടമയും ഭാര്യയും അനഘിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301856/kannur-native-dies-under-mysterious-circumstances-in-dubai-family-files-complaint-against-company-owner)