മനാമ: റമദാനിൽ തുറന്ന ജയിലുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അറിയിച്ചു. രാജ്യത്തോടുള്ള കൂറും ദേശീയ അവബോധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ എന്നിവർക്ക് റമദാൻ ആശംസ നേർന്ന അദ്ദേഹം, സാമൂഹിക പങ്കാളിത്തത്തോടെ ദേശീയ അവബോധവും രാജ്യത്തോടുള്ള കൂറും ശക്തിപ്പെടുത്താനുതകുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ വിജയിക്കാൻ സാധിച്ചതായും വിലയിരുത്തി.
കമ്യൂണിറ്റി പൊലീസ് എന്ന ആശയം 2007ൽ നടപ്പാക്കിത്തുടങ്ങിയതോടെ ജനങ്ങളുടെ പ്രശ്നങ്ങളിൽ അപ്പപ്പോൾ ഇടപെട്ട് തീർപ്പാക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. ഡി അഡിക്ഷൻ പദ്ധതി ശക്തിപ്പെടുത്താനും ഇത് സഹായിച്ചിട്ടുണ്ട്. സ്കൂളുകളിൽ നടപ്പാക്കുന്ന മയക്കുമരുന്നു വിരുദ്ധ കാമ്പയിനിൽ 1,36,300 വിദ്യാർഥികളാണ് പങ്കാളികളായത്.
2018 മുതൽ നടപ്പാക്കിയ ബദൽശിക്ഷാ പദ്ധതിക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.ഇതുവരെ മൊത്തം 4815 പേരാണ് ഇതുപയോഗപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ റിഹാബിലിറ്റേഷൻ സെന്ററുകളിലായിരുന്നുവെങ്കിൽ പിന്നീടത് തുറന്ന ജയിലെന്ന സങ്കൽപത്തിലേക്ക് വികസിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
വിവിധ കുറ്റങ്ങളുടെ പേരിൽ ശിക്ഷ വിധിക്കപ്പെട്ടവരെ സമൂഹത്തിന്റെ ഭാഗമാക്കാനും അതുവഴി അവരിൽ രാജ്യത്തോടുള്ള കൂറ് അരക്കിട്ടുറപ്പിക്കാനും കഴിയും. ദേശസ്നേഹം ശക്തിപ്പെടുത്തുന്നതിന് നാലു വർഷം മുന്നേ ആരംഭിച്ച പദ്ധതിയിലൂടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യരിൽ വിപുലമായ അളവിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The performance of the prisons opened in Ramadan will be improved further