മനാമ: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രവാസലോകത്തും വ്യാപക പ്രതിഷേധം. നടപടി ജനാധിപത്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസർക്കാർ കോടതികളെ ഉപയോഗപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഇതിന്റെ ഉദാഹരണമാണെന്നും പ്രതിഭ ജനറൽ സെക്രട്ടറി ഇൻ ചാർജ് ഷംജിത് കോട്ടപ്പള്ളി, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുന്ന ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബഹ്റൈൻ കെ.എം.സി.സി അറിയിച്ചു. നമ്മുടെ നാട് സ്വേച്ഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും പോകുന്ന കാഴ്ചയെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കുക എന്ന മോദിയുടെ നടപടി കിരാതവും മാപ്പർഹിക്കാത്തതുമാണെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിയിൽ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധിച്ചു. രാഹുൽഗാന്ധിയുടെ അംഗത്വം മരവിപ്പിച്ചതിലൂടെ കിരാത ഭരണത്തിന്റെ തേർവാഴ്ചയാണ് രാജ്യം അനുഭവിക്കുന്നതെന്നും ഭാവിയിൽ രാജ്യം ഏറെ അനുഭവിക്കേണ്ടിവരുമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.
Widespread protest in diaspora over Rahul Gandhi's disqualification