---
title: " പൗരന്മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം  അനുവദിച്ച്​ യു.എ.ഇ"
english_title: "UAE has allocated 29 crore dirhams for the housing scheme of the citizens-new"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105424/uae-has-allocated-29-crore-dirhams-for-the-housing-scheme-of-the-citizens-new"
published_at: "2023-03-26T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642079f41e195_uae.jpg"
keywords: []
---

#  പൗരന്മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം  അനുവദിച്ച്​ യു.എ.ഇ

> **Lead Summary:** **ദുബൈ:** പൗരന്മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം (600 കോടി രൂപ) അനുവദിച്ച്​ യു.എ.ഇ. ശൈഖ്​ സായിദ്​ ഭവന പദ്ധതിയുടെ ഭാഗമായാണ്​ തുക അനുവദിച്ചത്​. ദാനധർമങ്ങളുടെ മാസമായ റമദാനിൽ യു.എ.ഇ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവർക്ക്​ മാന്യമായ ജീവിതം ഉറപ്പാക്കാനും ശൈഖ്​ സായിദ്​ പദ്ധതിയിൽ ശ്രമം തുടരുമെന്ന്​ യു.എ.ഇ അടിസ്ഥാന വികസന വകുപ്പ്​ മന്ത്രി സുഹൈൽ അൽ മസ്​റൂയി പറഞ്ഞു.

## Article Content

**ദുബൈ:** പൗരന്മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിർഹം (600 കോടി രൂപ) അനുവദിച്ച്​ യു.എ.ഇ. ശൈഖ്​ സായിദ്​ ഭവന പദ്ധതിയുടെ ഭാഗമായാണ്​ തുക അനുവദിച്ചത്​. ദാനധർമങ്ങളുടെ മാസമായ റമദാനിൽ യു.എ.ഇ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവർക്ക്​ മാന്യമായ ജീവിതം ഉറപ്പാക്കാനും ശൈഖ്​ സായിദ്​ പദ്ധതിയിൽ ശ്രമം തുടരുമെന്ന്​ യു.എ.ഇ അടിസ്ഥാന വികസന വകുപ്പ്​ മന്ത്രി സുഹൈൽ അൽ മസ്​റൂയി പറഞ്ഞു.

വീട്​ നിർമാണം, പൂർത്തീകരിക്കൽ, സ്ഥലം വാങ്ങിക്കൽ, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും. ഭവന പദ്ധതിക്കായി അപേക്ഷിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ച്​ നടപടികൾ പൂർത്തിയാക്കാൻ യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 230 കോടി ദിർഹം അനുവദിച്ചിരുന്നു.

അടുത്ത അഞ്ച്​ വർഷത്തിനുളളിൽ ഈ അപേക്ഷകളെല്ലാം തീർപ്പാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ 432 കുടുംബങ്ങൾക്കായി 29 കോടി ദിർഹം അനുവദിച്ചത്​.പലിശ രഹിതമായാണ്​ പദ്ധതിയിൽ പണം അനുവദിക്കുന്നത്​. കുറഞ്ഞ വരുമാനക്കാർ 25 വർഷം കൊണ്ട്​ ഈ തുക തിരിച്ചടച്ചാൽ മതി.

1999ലാണ്​ പദ്ധതി ലോഞ്ച്​ ചെയ്തത്​. വൻ തുകകളുടെ ഭവന വായ്പകൾ എഴുതിത്തള്ളുന്നതും യു.എ.ഇയിൽ പതിവാണ്​. അനാഥർ, വിധവകൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ്​ മുൻഗണന.

പൗരന്മാർക്ക്​ മാന്യമായ താമസ സൗകര്യമൊരുക്കാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി എന്നിവരും കോടിക്കണക്കിന്​ ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105424/uae-has-allocated-29-crore-dirhams-for-the-housing-scheme-of-the-citizens-new)