ദോഹ: വിവിധ രാജ്യങ്ങളിലെ ദരിദ്ര വിഭാഗങ്ങളിലേക്ക് കരുതലുമായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായഹസ്തം. സിറിയ, യമൻ, ഗസ്സ, നൈജർ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ 43,000 പേർക്ക് കരുതലാവുന്ന ഷെൽട്ടർ പദ്ധതിക്ക് റെഡ് ക്രസന്റ് സൊസൈറ്റി തുടക്കം കുറിച്ചു. 21 ദശലക്ഷം റിയാൽ ചെലവഴിച്ചാണ് ഷെൽട്ടർ പദ്ധതി ആരംഭിക്കുന്നത്.
ഭൂകമ്പ ദുരിതത്തിന് ഇരയായ വടക്കൻ സിറിയയിൽ 300 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. പള്ളി, സ്കൂൾ, ആരോഗ്യ കേന്ദ്രം ഉൾപ്പെടെ വിവിധ കമ്യൂണിറ്റി കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ് പാർപ്പിട സമുച്ചയം. അഭയകേന്ദ്രം, നാല് അനാഥാലയങ്ങൾ എന്നിവയും ഈ മേഖലയിൽ ഖത്തറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. യമനിൽ 25 ഹൗസിങ് യൂനിറ്റാണ് ദരിദ്ര കുടുംബങ്ങൾക്കായി നിർമിക്കുന്നത്.
മേഖലയിൽ 5440 ഷെൽട്ടർ കിറ്റുകൾ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്തു.നൈജറിൽ നിരവധി വീടുകൾ ഉൾക്കൊള്ളുന്ന 25 റസിഡൻഷ്യൽ ഗ്രാമങ്ങൾ ഖത്തർ റെഡ് ക്രസന്റിനു കീഴിൽ സജ്ജമാക്കും. 1000 മുതൽ 1400 പേർക്കു വരെ പ്രാർഥന സൗകര്യമുള്ള രണ്ട് പള്ളികളും നിർമിക്കും. ബംഗ്ലാദേശിലും ഇത്തരം നിർമാണങ്ങൾ ആരംഭിക്കുന്നുണ്ട്. ഗസ്സയിൽ 90 കുടുംബങ്ങൾക്കായി വീട് നിർമാണം, സോളാർ പാനൽ, മറ്റു പദ്ധതികളും ഉൾപ്പെടുന്നു.
അഫ്ഗാനിൽ 1500 ഷെൽട്ടർ കിറ്റുകൾ വിതരണം ചെയ്യും. 2022ൽ ഷെൽട്ടർ പദ്ധതികൾക്കായി 6.32 കോടി റിയാലാണ് വിവിധ രാജ്യങ്ങളിലെ സാമൂഹിക പ്രവർത്തനങ്ങൾക്കായി ക്യൂ.ആർ.സി.എസ് ചെലവഴിച്ചത്. റസിഡൻഷ്യൽ വില്ലേജുകൾ, വീടുകളുടെ പുനരുദ്ധാരണവും നിർമാണവും, തണുപ്പുകാല പദ്ധതികൾ, പെരുന്നാൾ വസ്ത്ര വിതരണം, ഭക്ഷ്യയിതര ഇനങ്ങളുടെ വിതരണം ഇങ്ങനെ 3.43 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറി.
Qatar Red Crescent with Care to Poor Sections of Various States