യാംബു: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് 12 ലക്ഷം സീറ്റുകൾ അനുവദിച്ചതായി സൗദി എയർലൈൻസ് അധികൃതർ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർഥാടകരെ സൗദിയിലെത്തിക്കാൻ എയർ ട്രാൻസ്പോർട്ട്, ഫ്ലൈ അദീൽ, സൗദി പ്രൈവറ്റ് എയർലൈൻസ് കമ്പനികൾ എന്നിവക്കായി സൗദി എയർലൈൻസ് കമ്പനി വഴിയാണ് സീറ്റുകൾ നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഷെഡ്യൂൾ ചെയ്ത 100ലേറെ കേന്ദ്രങ്ങളിൽനിന്ന് യാത്രക്കാരെ എത്തിക്കുമെന്നും ജിദ്ദ, റിയാദ്, ദമ്മാം, മദീന, ത്വാഇഫ്, യാംബു എന്നിവയുൾപ്പെടെ ആറ് ആഭ്യന്തര വിമാനത്താവളങ്ങൾ വഴി 8,000ത്തിലധികം സൗദി എയർലൈൻസ് ഗ്രൂപ് വഴിയും തീർഥാടകർ എത്തുമെന്ന് അധികൃതർ അറിയിച്ചു. സൗദി എയർലൈൻസ് ഗ്രൂപ്പിലെ ഹജ്ജ് ഉംറ വകുപ്പിലെ സി.ഇ.ഒ അമീർ അൽ ഖാഷിൽ കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് നടപ്പാക്കുന്ന ഹജ്ജ് പദ്ധതി വിശദീകരിച്ചു.
തീർഥാടകർക്ക് സൗദി എയർലൈൻസ് നൽകുന്ന സേവനം കുറ്റമറ്റതാക്കാൻ പരമാവധി ജാഗ്രത പുലർത്തുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ എല്ലാവിധ മുന്നൊരുക്കങ്ങളും നൽകാൻ ഏറെ ശ്രദ്ധ ചെലുത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും നിർദേശങ്ങൾ നൽകിയതായും അദ്ദേഹം അറിയിച്ചു. സൗദിയിലേക്കുള്ള വിദേശ ഹജ്ജ് തീർഥാടകരുടെ ആദ്യ വരവ് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മേയ് 21ന് തുടക്കംകുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Saudi Airlines has provided 12 lakh seats for Hajj pilgrims