മനാമ: (gccnews.in) പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം നൽകും. മൃതദേഹം അയക്കാൻ കാർഗോ നിരക്കായ 560 ദിനാർ അർഹരായവർക്ക് നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്.
നോർക്ക റൂട്ട്സ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രവാസികൾക്കിടയിൽ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇത് പ്രാബല്യത്തിലായി മാസങ്ങൾ പിന്നിട്ടെങ്കിലും ഈ പദ്ധതി പ്രകാരം അപൂറവമായി മാത്രമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. അർഹരായവർ ഇല്ലാഞ്ഞിട്ടല്ല, അർഹരായവരിലേക്ക് ഈ വിവരം എത്താത്തതാണ് പ്രശ്നം.
എയർപോർട്ടിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് സഹായവും നോർക്ക നൽകുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്ന സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം ലഭ്യമാക്കാൻ കഴിഞ്ഞാൽ, ആ പ്രവാസി കുടുംബത്തിന് നൽകുന്ന വലിയൊരു സഹായമായിരിക്കും ഇത്.
നോർക്ക സഹായം ലഭിക്കാൻ എന്ത് ചെയ്യണം
വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന നിർധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് എമർജൻസി റിപാട്രിയേഷൻ ഫണ്ട്.
ഇതിന്‍റെ ഉപപദ്ധതിയാണ് നോർക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്. അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിന് ചെലവ്, ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ വിമാനത്താവളങ്ങളിൽ നിന്നും ആശൂപത്രിയിൽ എത്തിക്കാനുളള ചെലവ് തുടങ്ങിയവ ഇൗ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നുണ്ട്.
മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയർലൈനുകൾക്ക് തുക നേരിട്ട് നൽകുകയാണെങ്കിൽ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിക്കണം *നോർക്ക റൂട്ട്സുമായി ബന്ധപ്പെട്ടാൽ പ്രത്യേക അപേക്ഷ ഫോം ലഭിക്കും.ഇത് പൂരിപ്പിച്ച് നോർക്കയുടെ [email protected], [email protected] എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കണം.
* എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സൽ രേഖകൾ ഹാജരാക്കണം .
* അതാത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് നോർക്ക റൂട്ട്സ് അടിയന്തിര നടപടിയെടുക്കും
* വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിച്ച വകയിലെ ചെലവുകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിന് പാസ്പോർട്ട്, മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മാർട്ടം റിപ്പോർട്ട്, എംബാംമിങ്ങ് സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണ്ണി, ലീഗൽ ഹെയർഷിപ്പ് അല്ലെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ്, പ്രോസസിംഗ് ബില്ല് (മൃതദേഹം നാട്ടിലേക്കു കൊണ്ടു വന്ന അസ്സൽ കാർഗോ ബിൽ)
NORCA will pay the cargo rate in Manama