റിയാദ്: (gcc.truevisionnews.com)ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ റൂമിലുള്ള മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്.
പിതാവ് - ഇസ്മായില്‍, മാതാവ് - സൈനബ. ഗനിയയാണ് ഭാര്യ. റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്‍ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.
The expatriate suffered a tragic end due to fire burns while catching steam