ഷാര്‍ജ: യുഎഇയില്‍ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ഡ്രൈവര്‍ അറസ്റ്റില്‍. കാല്‍നട യാത്രക്കാരിയായ യുവതിയെയാണ് ഇയാള്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞത്. യുവതിക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഷാര്‍ജ കിങ് ഫൈസല്‍ സ്‍ട്രീറ്റിലായിരുന്നു അപകടം സംഭവിച്ചത്.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 48 മണിക്കൂറിനകം ഡ്രൈവര്‍ അറസ്റ്റിലായി. പൊലീസിന്റെ ട്രാക്കിങ് സംവിധാനവും സ്‍മാര്‍ട്ട് ക്യാമറകളും പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്.
ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്‍തു. റോഡ് അപകടങ്ങള്‍ സംഭവിച്ച ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.
അപകടങ്ങള്‍ സംഭവിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുന്നതിനെതിരെ നേരത്തെ യുഎഇ പബ്ലിക് പ്രോസിക്യൂഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്ന തരത്തിലുള്ള അപകടങ്ങളുണ്ടാക്കിയ ശേഷം രക്ഷപ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കുറഞ്ഞത് 20,000 ദിര്‍ഹം പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
A driver who hit a young woman in the UAE and failed to stop was arrested