ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച മുതലാണ് ഒന്നാം ടെർമിനലിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചത്. യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്ന വാഹനങ്ങൾ പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
സ്കൂള്‍ അവധിക്കാലവും ബലിപെരുന്നാള്‍ അവധിയും എത്തുന്ന സാഹചര്യത്തിൽ തിരക്ക് കുറക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം. ടെര്‍മിനല്‍ ഒന്നില്‍ നിന്നും മൂന്ന് മിനിറ്റ് നടന്നാല്‍ എത്തിച്ചേരാവുന്ന കാര്‍ പാര്‍ക്ക് എ-പ്രീമിയം, ഏഴ് മിനിറ്റ് നടന്നാല്‍ എത്തിച്ചേരാവുന്ന കാര്‍ പാര്‍ക്ക് ബി-ഇക്കോണമി എന്നിവയിലേതെങ്കിലും വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഉപയോഗിക്കാം.
കാര്‍ പാര്‍ക്ക് ‘എ’യിൽ അഞ്ചു മിനിറ്റിന് അഞ്ച് ദിർഹം മുതൽ 30 മിനിറ്റിന് 30 ദിർഹം എന്നതാണ് നിരക്ക്. രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യാൻ 40 ദിർഹം മതി. 125 ദിർഹത്തിന് ദിവസം മുഴുവൻ പാർക്ക് ചെയ്യാം.
പിന്നീടുള്ള ഓരോ ദിവസത്തിനും നൂറ് ദിർഹം വീതം ഈടാക്കും. കാര്‍ പാര്‍ക്ക് ‘ബി’യിൽ 25 ദിർഹത്തിന് ഒരു മണിക്കൂറും, രണ്ട് മണിക്കൂറിന് 30 ദിർഹവും മതി. 45 ദിർഹം നൽകിയാൽ നാല് മണിക്കൂർ പാർക്ക് ചെയ്യാം. ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ ഇവിടെ 85 ദിർഹമാണ് ചാർജ്. പിന്നീടുള്ള ഓരോ ദിവസത്തിനും 75 ദിർഹം ഈടാക്കും.
Restrictions on private vehicles at Dubai airport