ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ 17ന് ദുബൈയിലെത്തും. ക്യൂബയിൽനിന്നുള്ള മടക്കയാത്രയിലാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുക. ജൂൺ 18ന് ദുബൈയിൽ സ്റ്റാർട്ട് അപ് മിഷന്റെ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ബുർജ് ഖലീഫക്ക് സമീപം താജ് ഹോട്ടലിൽ ജൂൺ 18ന് വൈകീട്ടാണ് ഇതു സംബന്ധിച്ച ചടങ്ങ് നടക്കുക. സംസ്ഥാന സർക്കാറിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വിഭാഗം സെക്രട്ടറി ഡോ. രത്തൻ യു. കേൽഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിക്കും.
സ്റ്റാർട്ടപ്, ഐ.ടി മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളെ സഹായിക്കാൻ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പദ്ധതിക്കും മുഖ്യമന്ത്രി തുടക്കം കുറിക്കും. പ്രവാസി നിക്ഷേപം ഈ മേഖലകളിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നേരത്തെ അബൂദബി നിക്ഷേപ ഉച്ചകോടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഉച്ചകോടിക്കില്ലെന്നു പറഞ്ഞാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
Chief Minister Pinarayi Vijayan will arrive in Dubai on June 17