കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർ കുവൈത്തി സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് അഭ്യർഥിച്ചു. അപേക്ഷിച്ച അന്നു തന്നെയോ പിറ്റേ ദിവസമോ ടൂറിസ്റ്റ് സന്ദർശക വിസ അനുവദിക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമായി കൂടുതൽ കുവൈത്തികൾ ഇന്ത്യയിലേക്ക് എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അംബാസഡർ ഓപ്പണ്‍ ഹൗസിൽ പറഞ്ഞു.
പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നത് വൈകുന്ന വിഷയവും ഓപ്പണ്‍ ഹൗസിൽ ചർച്ച ചെയ്തു. പൊലീസ് വെരിഫിക്കേഷൻ ഉൾപ്പെടെ സ്വാഭാവിക നടപടിക്രമങ്ങൾക്ക് സമയം ആവശ്യമാണെന്നും പാസ്പോർട്ട് പുതുക്കാൻ അപേക്ഷിക്കുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുതെന്നും അംബാസഡർ അഭ്യർഥിച്ചു.
പാസ്പോർട്ടിന്റെയും ഇഖാമയുടെയും കാലാവധി കഴിയുന്നതിന്റെ മൂന്നു മാസം മുമ്പെങ്കിലും പുതുക്കാൻ അപേക്ഷിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഗോവ സർക്കാർ പ്രതിനിധികൾ എംബസി ഓപ്പണ്‍ ഹൗസിൽ ഓൺലൈനായി സംബന്ധിച്ച് ഗോവൻ സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ വിവരിച്ചു. കഴിഞ്ഞമാസത്തെ ഓപ്പണ്‍ ഹൗസിൽ കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഇളേങ്കാവൻ കേരള സർക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ വിവരിച്ചിരുന്നു.
kuwaities should be invited to India - Ambassador