അബുദാബി: ലഹരിമരുന്ന് ഇടപാടിനു ശിക്ഷ കടുപ്പിച്ചു യുഎഇ. വിദേശികൾ നാടുകടത്തൽ ഉൾപ്പെടെ കടുത്ത ശിക്ഷ നേരിടേണ്ടിവരും. ജനുവരി 2നു പ്രാബല്യത്തിൽ വരുന്ന പുതിയ ഫെഡറൽ നിയമത്തിലാണു നിയമം കർശനമാക്കിയത്. ആദ്യമായി കുറ്റം ചെയ്യുന്നവർക്കു നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചു തടവോ നാടുകടത്തലോ ലഭിക്കും.
ലഹരിയിൽ നിന്നു മോചിപ്പിക്കാനുള്ള ചികിത്സയും നൽകും. രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഭേദഗതികളിലൂടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കു മതിയായ ചികിത്സയും കൗൺസലിങും നൽകി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ പുതിയ നിയമം സഹായിക്കുമെന്ന് അഭിഭാഷകർ വ്യക്തമാക്കി.
കുറ്റവാളികളെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പുനരധിവാസ കേന്ദ്രത്തിലെ താമസം ഒരു വർഷത്തിൽ കൂടരുത്. ഈ കാലയളവിൽ നിയമം ലംഘിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ ജയിലിലേക്കു മാറ്റും. പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്ന സമയം ശിക്ഷാ കാലയളവിൽ ഉൾപ്പെടുത്തും.
ഒന്നിലേറെ തവണ ലഹരിമരുന്ന് ഇടപാട് നടത്തിയവരെയാണു നാടുകടത്തുക. ലഹരിവസ്തുക്കൾ അടങ്ങിയ ഉൽപന്നങ്ങളോ ഭക്ഷണമോ വിനോദസഞ്ചാരികളും സന്ദർശകരും കൊണ്ടുപോകാൻ ശ്രമിച്ചാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കും. ആദ്യമായി കുറ്റം ചെയ്യുന്നവർക്കു 3 മാസം തടവോ 20,000–1,00,000 ദിർഹം പിഴയോ ആയിരിക്കും ശിക്ഷ. കുറ്റം ആവർത്തിക്കുന്നവർക്കു 6 മാസം തടവും 30,000–1,00,000 ദിർഹം വരെ പിഴ.
മൂന്നാമതും കുറ്റം ചെയ്താൽ 2 വർഷത്തെ തടവും കുറഞ്ഞത് 1,00,000 ദിർഹം പിഴയുമാണ് ശിക്ഷ. ലഹരിമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവർക്കും വിൽപനയ്ക്കു സഹായം നൽകുന്നവർക്കും 5 വർഷം തടവും 50,000 ദിർഹം പിഴയും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഇരയ്ക്ക് ദോഷം വരുത്തിയാൽ കുറ്റവാളിക്കു 7 വർഷം തടവും 100,000 ദിർഹം പിഴയും ലഭിക്കും.
ഗുരുതര കുറ്റമാണെങ്കിൽ തടവ് 10 വർഷമായും പിഴ 200,000 ദിർഹമായും വർധിക്കും. ഇര മരിച്ചാൽ കുറ്റവാളി വധശിക്ഷയോ ജീവപര്യന്തം തടവോ നേരിടേണ്ടിവരും. ലഹരിമരുന്ന് വിൽപനയ്ക്കോ ഉപയോഗിക്കാനോ സൗകര്യം ഒരുക്കുന്നവർക്കു 7–10 വർഷം തടവും 100,000 ദിർഹം പിഴയും ലഭിക്കും. ആവർത്തിച്ചാൽ തടവ് ജീവപര്യന്തമാകും. 50 വർഷത്തെ യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്കാരമാണു പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ശനിയാഴ്ച അംഗീകരിച്ചത്.
UAE toughens punishment for drug dealing