അബുദാബി: യുഎഇയില്‍ (UAE) വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം (New weekend) വരുത്തിക്കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ (Social Media) പ്രവാസികളുടെ പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ അവധി മാറ്റം.
നിരവധി ട്രോളുകളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ ഒപ്പം അവധി മാറ്റം സംബന്ധിച്ച വാര്‍ത്ത യുഎഇ അധികൃതര്‍ നിഷേധിച്ചുവെന്ന തരത്തില്‍ ഒരു സന്ദേശവും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിന്റെ (Khaleej Times) ഒരു സ്‍ക്രീന്‍ ഷോട്ട് (Screenshot) സഹിതമാണ് ഇത്തരമൊരു സന്ദേശം വാട്സ്ആപിലും ഫേസ്‍ബുക്കിലും പറന്നുനടക്കുന്നത്.
യുഎഇയില്‍ അവധി ദിനങ്ങള്‍ മാറ്റുന്നുവെന്ന തരത്തില്‍ നേരത്തെയും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെന്നതാണ് വസ്‍തുത. അപ്പോഴൊക്കെ ഇത് സംബന്ധിച്ച തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന തരത്തില്‍ അധികൃതര്‍ വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ ഇക്കഴിഞ്ഞ മേയ് മാസം ആറാം തീയ്യതി പുറത്തിറക്കിയ ഒരു വിശദീകരണക്കുറിപ്പ് സംബന്ധിച്ച ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇപ്പോഴത്തേതെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പലരും സത്യമറിയാതെ ഇത് നിരവധി വാട്സ്ആപ് ഗ്രൂപ്പുകളിലേക്കും ഫേസ്‍ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലും പങ്കുവെയ്‍ക്കുന്നുണ്ട്. തങ്ങളുടെ പഴയ വാര്‍ത്തയുടെ സ്‍ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നതെന്ന് ഖലീജ് ടൈംസ് തന്നെ വിശദീകരിക്കുകയും ചെയ്‍തിട്ടുണ്ട്.
ചൊവ്വാഴ്‍ചയാണ് (2021 ഡിസംബര്‍ 7) യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയതായി അറിയിപ്പ് പുറത്തുവന്നത്. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും യുഎഇ മീഡിയാ ഓഫീസും ഇക്കാര്യം ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുമുണ്ട്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ബാധകമാവുകയെന്ന് അറിയിച്ചിരുന്നെങ്കിലും ദുബൈയിലെയും അബുദാബിയിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ വാരാന്ത്യ അവധി ദിനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഇപ്പോള്‍ നിലവിലുള്ള ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം നാലര ദിവസമായിരിക്കും അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ 3.30 വരെയും വെള്ളിയാഴ്‍ച 7.30 മുതല്‍ 12 മണി വരെയുമായിരിക്കും പ്രവൃത്തി സമയം. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. വെള്ളിയാഴ്‍ചകളില്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം പുതിയ സമയക്രമം അനുസരിച്ച് രാജ്യത്തെ സ്‍കൂളുകളുടെയും കോളേജുകളുടെയും പ്രവൃത്തി സമയത്തില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ സമയക്രമവും അവധി ദിവസങ്ങളുമായിരിക്കും പിന്തുടരുകയെന്ന് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ് വരേണ്ടതുണ്ട്.
Did the authorities deny the change of weekend leave in the UAE?