മനാമ : (gccnews.in ) ബഹ്‌റൈനില്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി ഭരണകൂടം. ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.
ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്തെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനുളള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെയാകും ടൂറിസം രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, തുടങ്ങി വിവിധ മേഖലകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും.
ജനങ്ങളുടെ അടിസ്ഥാന ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. 2026ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 11.4 ശതമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള നാല് വര്‍ഷത്തെ ടൂറിസം പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഭരണ കൂടം അംഗീകാരം നല്‍കിയിരുന്നു.
ബിസിനസ്സ് ടൂറിസം, സ്‌പോര്‍ട്‌സ് ടൂറിസം, മെഡിക്കല്‍ ടൂറിസം, സാംസ്‌കാരിക ടൂറിസം, പുരാവസ്തുഗവേഷണം എന്നിവ ഉള്‍പ്പെടെ ഏഴ് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടൂറിസം പദ്ധതി.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനുളള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുന്നത്. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ബഹ്‌റൈനെ മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
#Bahrain #government #Bahrain #planning #implement #more #projects #tourism #sector