അബുദാബി : ശൈത്യകാല അവധിക്കു അടച്ച യുഎഇയിലെ സ്കൂളുകൾ പുതുവർഷത്തിൽ ജനുവരി 3ന് തുറക്കുമ്പോള്‍ തിങ്കൾ മുതൽ വെള്ളി വരെ നാലര ദിവസമായിരിക്കും പ്രവൃത്തി ദിനങ്ങൾ. വെള്ളിയാഴ്ചകളിൽ പഠനം ഉച്ചയ്ക്ക് 12.30 വരെ. സർക്കാർ ജോലിക്കാരുടേതിന് സമാനമായി പ്രവൃത്തി ദിനങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അബുദാബിയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ചകളിൽ ആവശ്യമെങ്കിൽ ഇ–ലേണിങ് ആക്കാൻ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നൽകി. ശനി, ഞായർ ദിവസങ്ങളിലാകും വാരാന്ത്യ അവധി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അപൂർവം സ്കൂളുകളോട് യുക്തമായ തീരുമാനമെടുത്ത് അറിയിക്കാനും നിർദേശിച്ചു.
സാധാരണ സ്കൂളുകൾ പ്രവൃത്തി സമയം ഒരു മണിക്കൂർ കൂട്ടി പഠനം പുനഃക്രമീകരിക്കും. എന്നാൽ 2 ഷിഫ്റ്റിലുള്ള സ്കൂളുകൾക്ക് ഇതു പ്രായോഗികമല്ലാത്തതിനാൽ ചർച്ച ചെയ്തു തീരുമാനം പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പൽമാർ അറിയിച്ചു. മതിയായ കാരണമുണ്ടെങ്കിൽ അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ എന്നിവരുമായി ചർച്ച ചെയ്ത് പ്രവൃത്തി സമയത്തിൽ മാറ്റം വരുത്താൻ സ്കൂളുകൾക്ക് അനുമതി നൽകി.
എന്നാൽ പൂർണമായും ഇ–ലേണിങ് അനുവദിക്കില്ല. ഏതെങ്കിലും ഗ്രേഡിലെ വിദ്യാർഥികളെ ഇ–ലേണിങിലേക്കു മാറ്റുകയാണെങ്കിലും മുൻകൂട്ടി അനുമതി എടുക്കണമെന്നും നിർദേശിച്ചു. വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾ വർഷത്തിൽ 182 ദിവസവും യുഎഇ വിദ്യാഭ്യാസ മന്ത്രാലയ സിലബസ് പിന്തുടരുന്ന സ്കൂളുകൾ 186 ദിവസവും പ്രവർത്തിക്കണം.
വെള്ളിയാഴ്ച കൂടുതൽ സമയം പ്രവർത്തിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നിർബന്ധിത പ്രാർഥന (ജുമുഅ) നിർവഹിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. പുതുവർഷത്തിൽ മുഴുവൻ വിദ്യാർഥികളെയും സ്കൂളിൽ സ്വീകരിക്കുന്നത് സംബന്ധിച്ച തയാറെടുപ്പുകളും അബുദാബിയിലെ സ്കൂളുകൾ പൂർത്തിയാക്കി വരികയാണ്.
യുഎഇയുടെ പുതിയ പ്രവൃത്തി ദിന നിബന്ധനകൾ പിന്തുടരാൻ ദുബായിലെ സ്കൂളുകൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) സ്കൂൾ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. വെള്ളിയാഴ്ചത്തെ ക്ലാസുകൾ 12 മണിക്കു അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ തീരുമാനം പിന്തുടരും. ഇതനുസരിച്ച് ടൈം ടേബിളും പുനഃക്രമീകരിക്കുന്ന ജോലി തകൃതിയായി നടക്കുകയാണ്.
Change of school working day after winter break in UAE