യാംബു : (gccnews.in ) 2023ലെ അവസാന ഭാഗിക ചന്ദ്രഗ്രഹണം നാളെ. ഈ വർഷം അവസാനമായി സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ശനിയാഴ്ച സൗദിയിലും ദൃശ്യമാകുമെന്ന് ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എൻജി. മാജിദ് അബു സഹ്‌റ പറഞ്ഞു.
രാത്രി 10.35നും 11.52നും ഇടയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം ഒരു മണിക്കൂർ 17 മിനിറ്റ് നീണ്ടുനിൽക്കും. ഭാഗിക ഗ്രഹണം ആരംഭിച്ച് 39 മിനിറ്റിനുശേഷം രാത്രി 11.14ന് ഏറ്റവും നല്ല ആകാശ കാഴ്ച്ചയൊരുക്കുമെന്നും 10 മിനിറ്റിനുശേഷം ചന്ദ്രൻ പതിയെ രൂപമാറ്റം പ്രാപിക്കുന്നതായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക ഉപകരണങ്ങളോ സാമഗ്രികളോ ഉപയോഗിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഭാഗിക ചന്ദ്രഗ്രഹണം കാണാനാകും. ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ച് ചന്ദ്രന്‍റെ വിവിധ രൂപങ്ങൾ നന്നായി കാണാൻ കഴിയും.
സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ അവ കണ്ണിനെ ബാധിക്കില്ലെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ട ആവശ്യമില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
ഏഷ്യ, റഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, അൻറാർട്ടിക്ക, ആസ്‌ട്രേലിയ ഉൾപ്പെടെ ലോകമെമ്പാടും ശനിയാഴ്ചയിലെ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ഭൂമിയും ചന്ദ്രനും യഥാക്രമം നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി ക്രമീകരിക്കപ്പെടുകയൂം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നു. ചന്ദ്രന്‍റെ ഭ്രമണപഥത്തിലുണ്ടാവുന്ന നേരിയ മാറ്റങ്ങളെ തുടർന്ന് ഭൂമിയുടെ നിഴൽ പതിക്കുന്നതിലും മാറ്റങ്ങളുണ്ടാവാറുണ്ട്.
ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറക്കാതെ ഒരു വശത്തുകൂടി പ്രവേശിച്ച് കടന്നുപോകുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും അത്യാധുനിക ദൂരദർശിനികളും ഒരുക്കി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞരും വാനനിരീക്ഷകരും.
#lunareclipse #Last #PartialLunarEclipse #2023 #Tomorrow #phenomenon #seen #SaudiArabia