മെൽബൺ : (gccnews.in ) 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ആസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ സാധ്യതകൾ വർണാഭമായത്.
ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ ബിഡിനായി മത്സരരംഗത്തില്ലെന്ന് ആസ്ട്രേലിയ സ്ഥിരീകരിച്ചത്. ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ആസ്ട്രേലിയയുമായിരുന്നു.
ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് ടൂർണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു.
2034 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള സാധ്യതകൾ തങ്ങൾ സജീവമായി പരിഗണിച്ചിരുന്നുവെന്നും എന്നാൽ, അതിനുപകരം 2026ലെ ഏഷ്യൻ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം ലഭിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫുട്ബാൾ ആസ്ട്രേലിയ (എഫ്.എ) മേധാവി ജെയിംസ് ജോൺസൺ വ്യക്തമാക്കി. ഇതോടെ നിലവിൽ സൗദി മാത്രമാണ് ബിഡിനായി മത്സരരംഗത്തുള്ളത്.
ഒക്ടോബർ നാലിന് ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ തങ്ങൾ അപേക്ഷ നൽകിയിരുന്നതായി സൗദി അധികൃതർ അറിയിച്ചിരുന്നു. സൗദിയുടെ ആതിഥ്യശ്രമങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്ന് ആസ്രേടലിയ കൂടി ഉൾപ്പെടുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) വ്യക്തമാക്കിയിട്ടുണ്ട്.
ആതിഥ്യത്തിന് അപേക്ഷ ക്ഷണിച്ച് ഒരാഴ്ചക്കുശേഷം ആസ്ട്രേലിയയുമൊത്ത് സംയുക്തമായി ലോകകപ്പിന് വേദിയൊരുക്കുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്തിരുന്നുവെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയിരുന്നു. മലേഷ്യയെയും സിംഗപ്പൂരിനെയും ഒപ്പം കൂട്ടി ചതുർരാഷ്ട്ര ടൂർണമെന്റ് എന്നതായിരുന്നു ഇന്തോനേഷ്യയുടെ ഉന്നം.
എന്നാൽ, ഒരാഴ്ചക്കുശേഷം സൗദി അറേബ്യയുടെ ആതിഥ്യശ്രമങ്ങളെ തങ്ങൾ സർവാത്മനാ പിന്തുണക്കുന്നുവെന്ന് വെളിപ്പെടുത്തി ഇന്തോനേഷ്യ രംഗത്തുവന്നു. ഏഷ്യയിൽ നടന്ന ഇക്കഴിഞ്ഞ ലോകകപ്പ് ഖത്തർ 2022ൽ ഗംഭീരമായി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ഗൾഫ് മേഖലയിലെ മറ്റൊരു രാജ്യത്തിനുകൂടി അഭിമാനകരമായ ഈ അവസരം ഒരുങ്ങുന്നത്. ആസ്ട്രേലിയ ഈ വർഷം വനിതാ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചിരുന്നു.
എന്നാൽ, പുരുഷ ലോകകപ്പിന് രാജ്യം വേദിയായിട്ടില്ല. ലോകത്തെ ഏറ്റവും പഴക്കംചെന്ന വനിതാ ഫുട്ബാൾ ടൂർണമെന്റായ എ.എഫ്.സി വനിതാ ഏഷ്യാകപ്പും ലോക ഫുട്ബാളിലെ കരുത്തുറ്റ നിരകൾ മാറ്റുരക്കുന്ന ക്ലബ് ലോകകപ്പും സംഘടിപ്പിക്കാനുള്ള മികവുറ്റ നിലയിലാണ് തങ്ങളെന്ന് കരുതുന്നതായി ഫുട്ബാൾ ആസ്ട്രേലിയ അധികൃതർ കൂട്ടിച്ചേർത്തു.
2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് യു.എസ്.എ, മെക്സികോ, കനഡ എന്നിവിടങ്ങളിലായാണ് അരങ്ങേറുക. 2030ൽ മെറോക്കോ, പോർചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ വേദിയാകുന്ന ലോകകപ്പിലെ ഒറ്റപ്പെട്ട ചില മത്സരങ്ങൾ ഉറുഗ്വെ, അർജന്റീന, പരഗ്വെ എന്നിവിടങ്ങളിലും നടക്കും.
#FIFAWorldCup #Saudi #host #2034FIFAWorldCup