അബുദബി : (gccnews.in ) ദുബൈയിൽ ഇനി ഇലക്ട്രിക് എയർ ടാക്സികളും. അതിനൂതനമായ സംവിധാനങ്ങളുള്ള ഇലക്ട്രിക് എയർ ടാക്സികളുടെ പരീക്ഷണം മാസങ്ങൾക്കകം ആരംഭിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.
ദുബൈയിൽ കഴിഞ്ഞ ദിവസം അവസാനിച്ച എയർ ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെലികോപ്റ്ററുകളിൽനിന്ന് വ്യത്യസ്തമായി ശബ്ദമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പുതിയ ഇനം സ്പാനിഷ് എയർ ടാക്സികളാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്.
സ്പാനിഷ് കമ്പനിയായ ക്രിസാലിയന്റെ കാർബൺ രഹിത ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് ടാക്സി 2019 മുതൽ വടക്കൻ സ്പെയിനിൽ പരീക്ഷിച്ചുവരുന്നതാണ്.
യുഎഇ സ്ഥാപനമായ വാൾട്രാൻസ് എന്ന ഗതാഗത മേഖലയിലെ കമ്പനിയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷണം ആരംഭിക്കാനിരിക്കുന്നത്. മണിക്കൂറിൽ 180-216 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും.
ഫ്ലൈഫ്രീ എന്ന പേരിലറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാഹനം ടേക്ക് ഓഫിന്‍റെയും ലാൻഡിങിന്‍റെയും സമയങ്ങളിൽ കൂടുതൽ സ്ഥിരത നൽകുന്നതാണ്.
കൂടുതൽ കാര്യക്ഷമത, സ്ഥിരത, വിശ്വാസ്യത, കൈകാര്യം ചെയ്യാൻ എളുപ്പം എന്നിവ ഇതിന്‍റെ ഡിസൈനർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 120 കി.മീറ്റർ ദൂരം വരെ സഞ്ചരിക്കാവുന്ന ബാറ്ററിയാണ് നിലവിൽ എയർ ടാക്സിയിൽ ഉപയോഗിക്കുന്നത്.
പൈലറ്റടക്കം ആറുപേർക്ക് സഞ്ചരിക്കാവുന്ന സംവിധാനമാണ് അകത്ത് സജ്ജീകരിച്ചിട്ടുള്ളത്. പറക്കും ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കം നേരത്തെ തന്നെ ദുബൈ ആരംഭിച്ചിട്ടുണ്ട്.
2026-ഓടെ ഇത്തരം ടാക്‌സികളിൽ ദുബൈയുടെ ആകാശത്തിലൂടെ പറക്കാനുള്ള സൗകര്യമാണ് റോഡ് ഗതാഗത അതോറിറ്റിയുടെ മേൽനോട്ടത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സ് ദുബൈയില്‍ ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടുകള്‍ പണിയുന്നതിന് നേരത്തെ കരാറിലെത്തിയിരുന്നു.
#dubai #Electricairtaxis #Dubai #nowon