റിയാദ്: സന്ദർശന വിസയിൽ റിയാദിന് സമീപം അൽഖർജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ് (61) ആണ് മരിച്ചത്. അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മകൾ പിങ്കിയുടെ അടുത്ത് എത്തിയതായിരുന്നു അദ്ദേഹം.
നാല് മാസം മുമ്പാണ് സന്ദർശന വിസയിൽ വർക്കി ജോസ് എത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്കാഘാതമുണ്ടായതിനെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മതപ്രകാരം ആന്തരികാവയവങ്ങൾ ദാനം ചെയ്തു. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ് മറ്റ് രോഗികൾക്ക് മാറ്റിവെച്ചത്. നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലാണ് മൂന്ന് രോഗികൾക്ക് പുതുജീവൻ നൽകാനിടയാക്കിയത്.
പിങ്കി തന്റെ സഹോദരൻ ജിൻസ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകുകയായിരുന്നു.
മേരിയാണ് വർക്കി ജോസിന്റെ ഭാര്യ. മക്കൾ: പിങ്കി (അൽഖർജ്), ജിൻസ് (നിയോം, തബൂക്ക്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
#Father #dies #SaudiArabia #visit #daughter #organs #donated