കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളുടെ ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ശന നിബന്ധനകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സുകള്‍ പുതുക്കുന്നത്. കുവൈത്തിലെ പ്രവാസികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ കഴിഞ്ഞ ഏതാനും ആഴ്‍ചകളായി ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധിച്ചിരുന്നില്ല.
സ്വദേശികള്‍ക്കും, ഗള്‍ഫ് പൗരന്മാര്‍ക്കും ഹൗസ് ഡ്രൈവര്‍ വിസിയിലുള്ളവര്‍ക്കും മാത്രമായിരുന്നു ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാന്‍ സാധിച്ചിരുന്നത്. പ്രവാസികളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ഏകീകരിക്കാനും ലൈസന്‍സിന് ആവശ്യമായ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം പുതുക്കി നല്‍കാനാവശ്യമായ രീതിയില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതിനും വേണ്ടിയായിരുന്നു താത്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്.
നിരവധിപ്പേര്‍ യോഗ്യതകളില്ലാതെ ലൈസന്‍സ് കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ പ്രവാസികള്‍ക്ക് ശമ്പളം, തൊഴില്‍ എന്നിവ ഉള്‍പ്പെടെയുള്ള നിബന്ധനകളുണ്ട്.
The online system for renewing the driving license of expatriates has been restored