അബുദാബി: (gccnews.com) അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരി 15 മുതൽ 29 വരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവർക്കും വിഐപി അതിഥികൾക്കും മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്.
മാർച്ച് ഒന്ന് മുതൽ രാവിലെ ഒമ്പത് മണി മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചകളിൽ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കില്ല.
വർധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് മാർച്ച് ഒന്ന് മുതൽ ക്ഷേത്രം സന്ദർശിക്കാനാഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.
ഈ മാസം 14നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രത്തിൻറെ ഉദ്ഘാടനം നിർവഹിച്ചത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റൻ ഗോപുരങ്ങളാണ് ക്ഷേത്രത്തിൻറെ മുഖ്യ ആകർഷണം.
ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചത്. 2018ലാണ് ക്ഷേത്ര നിർമാണത്തിന് ശിലയിട്ടത്.
2019 ഡിസംബറിലാണ് ബാപ്സ് ഹിന്ദു മന്ദിറിൻറെ നിർമ്മാണം ആരംഭിച്ചത്. 32 മീറ്റർ ആണ് ക്ഷേത്രത്തിൻറെ ഉയരം. ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്.
ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണൽക്കല്ലുകൾ 1000 വർഷത്തിലേറെക്കാലം ഈടു നിൽക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിൻറെ രൂപകൽപന.
പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകൾ ഉൾക്കൊണ്ടുള്ള ക്ഷേത്രത്തിൻറെ നിർമ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകൾ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്.
ലോകമെമ്പാടുമുള്ള ഐക്യത്തിൻറെയും ശാന്തിയുടെയും ഒരുമയുടേയും സ്നേഹത്തിൻറെയും പ്രതീകമാണ് ക്ഷേത്രമെന്ന് സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു.
ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങൾക്കുള്ള ആഗോള വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്.
മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്.
#AbuDhabi #BapsHinduTemple #open #public #March1