മനാമ: സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളെ അവഹേളിച്ച സംഭവത്തില്‍ യുവതിക്കെതിരെ നടപടി. ഇപ്പോള്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്ന ബഹ്റൈന്‍ സ്വദേശിനിക്കെതിരെയാണ് അധികൃതര്‍ നിയമ നടപടികള്‍ തുടങ്ങിയത്.
തെളിവുകളില്ലാത്ത ആരോപണങ്ങളാണ് യുവതി വീഡിയോയിലൂടെ ഉന്നയിച്ചതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വീഡിയോ സംബന്ധിച്ച് നിരവധിപ്പേരില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് നടപടി തുടങ്ങിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രമുഖ വ്യക്തികളുടെ പേരെടുത്ത് പറയുന്നതിന് പുറമെ ചില സ്വദേശികളുടെ വാഹനങ്ങളുടെ നമ്പറുകള്‍ പരസ്യപ്പെടുത്തുകയും ഈ വാഹനങ്ങള്‍ തന്നെ നിരീക്ഷിക്കുകയായിരുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതായും യുവതിക്കെതിരെ നിയമ നടപടി തുടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നേരത്തെ മറ്റൊരു ജയില്‍ ശിക്ഷ അനുഭവിച്ച യുവതി, പൊതുമാപ്പില്‍ മോചിതയായതായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെ ചികിത്സ നടത്തുകയും ഡീ അഡിക്ഷന്‍ ചികിത്സയ്‍ക്കെന്ന പേരില്‍ നല്ല തുക ഫീസ് വാങ്ങുകയും ചെയ്‍തിരുന്നു.
കേസില്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയ ഉദ്യോഗസ്ഥരെ അപമാനിച്ചുകൊണ്ടും വീഡിയോ പോസ്റ്റ് ചെയ്‍തു. കോടതിക്ക് തെറ്റായ വിവരം നല്‍കി, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Action against a young woman who posted a defamatory video on social media