റിയാദ്: (gccnews.com) യുക്രെയ്ൻ-റഷ്യൻ സംഘർഷം പരിഹരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
പ്രതിസന്ധിയുടെ ഫലമായ മാനുഷികാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി സൂചിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് റിയാദിലെത്തിയ യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി പരിഹരിക്കുന്നതിലെ സൗദി അറേബ്യയുടെ താൽപ്പര്യവും പിന്തുണയും കിരീടാവകാശി ഊന്നിപ്പറഞ്ഞു. യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധത്തിെൻറ വിവിധ വശങ്ങൾ ചർച്ചയിൽ അവലോകനം ചെയ്തു.
യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് യുക്രെയ്ൻ പ്രസിഡൻറ് നന്ദിയും പ്രകടിപ്പിച്ചു. ചർച്ചയിൽ സമാധാനത്തിെൻറ സൂത്രവാക്യം വിശദീകരിച്ചതായും സെലൻസ്‌കി ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചു.
ആസന്നമായ ആദ്യ സമാധാന ഉച്ചകോടിയിൽ സൗദി അറേബ്യയുടെ പിന്തുണയുണ്ടാവുമെന്ന് യുക്രെയ്ൻ പ്രതീക്ഷിക്കുന്നു. യുദ്ധത്തടവുകാരെ തിരിച്ചയക്കുന്നതിനുള്ള രേഖകൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, യുക്രെയ്നിെൻറ പുനർനിർമാണത്തിൽ സൗദി അറേബ്യയുടെ പങ്കാളിത്തം എന്നിവയും ചർച്ച ചെയ്തതായി സെലെൻസ്കി പറഞ്ഞു. ചൊവ്വാഴ്ചയാണ് സെലെൻസ്കിയും സംഘവും സൗദിയിലെത്തിയത്.
#Saudi #says #full #support #end #Ukraine #Russia #conflict