മസ്കറ്റ്: (gccnews.com) ഒമാനിലെ ചില ഗവർണറേറ്റുകളിൽ തുടർച്ചയായി മഴ പെയ്യുന്നതു മൂലം വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാൽ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ നിർദ്ദേശം.
ഒമാനിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അസാധാരണമായ അടിയന്തര സാഹചര്യങ്ങൾ ഒഴികെ, മഴയുള്ള കാലാവസ്ഥയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ന്യൂനമർദ്ദത്തിൻറെ ഭാഗമായി ഒമാനിൽ ബുധനാഴ്ച മുതൽ മാർച്ച് ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
താപനിലയിൽ വലിയ മാറ്റമുണ്ടാകും. ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
വടക്കൻ ഗവർണറേറ്റുകളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ബുധനാഴ്ച അഞ്ച് മുതൽ 15 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കും. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, ദാഹിറ ഗവർണറേറ്റുകളിൽ തെക്കു കിഴക്കൻ കാറ്റ് വീശും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നിവിടങ്ങളിൽ 10 മുതൽ 40 മില്ലി മീറ്റർ വരെ മഴ ലഭിച്ചേക്കാം.
വാദികൾ നിറഞ്ഞൊഴുകുമെന്നും കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിൻറെ പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടലിൻറെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 3.5 മീറ്റർ വരെ ഉയർന്നേക്കുമെന്നും അറിയിപ്പിൽ പറയുന്നു.
#adverse #weather #conditions #Royal #Oman #Police #warning