May 24, 2024 03:06 PM

റിയാദ്: (gcc.truevisionnews.com) സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക്​ ​വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക്​ മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്.

എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി​. സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല.

മെയ് 23 (വ്യാഴം) മുതൽ ജൂൺ 21 (വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്. വിവിധ പേരുകളിലുള്ള സന്ദർശക വിസകൾ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റായി കണക്കാക്കില്ല.

നിയമം ലംഘിക്കുന്നവർ രാജ്യത്തെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് കനത്ത ശിക്ഷാ നടപടികൾക്ക്​ വിധേയമായിരിക്കുമെന്നും നിയമലംഘകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതെ സമയം, നുസ്​ക്​ ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റുകൾ നൽകുന്നതും നിർത്തലാക്കിയിട്ടുണ്ട്​.

ഉംറ പെർമിറ്റുകൾ ഇനി ഹജ്ജിന് ശേഷം മാത്രമേ അനുവദിക്കൂ. മക്കയിൽ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകർക്ക് പ്രയാസരഹിതമായി ഹജ്ജ്​ കർമങ്ങൾ നിർവഹിക്കുന്നതിനും വേണ്ടിയാണ് നിയമം കർശനമാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം രാജ്യത്തെ വിവിധ മേഖലകളിൽ അനധികൃത ഹജ്ജ് സ്ഥാപനങ്ങളെ പിടികൂടാനുള്ള ​നടപടികൾ സുരക്ഷ വകുപ്പിന്​ കീഴിൽ തുടരുകയാണ്​. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും ചെയ്​തിട്ടുണ്ട്​.

#Visitor #visa #holders #not #allowed #enter #Makkah

Next TV

Top Stories