മസ്‌കത്ത്: (gccnews.com) പത്ത് വയസിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഒമാനിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളിൽ റസിഡന്റ് കാർഡ് എടുത്തിരിക്കണം.
വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാൽ പിഴ ഈടാക്കുമെന്നും ആർ ഒ പി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
റസിഡന്റ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിന്റെ പേരിൽ പിഴ ചുമത്തും.
ഒറിജിനൽ പാസ്‌പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, മെഡിക്കൽ പരിശോധനയ്‌ക്ക് ശേഷം തൊഴിൽ മന്ത്രാലയത്തിന്റെ ഫോമിന്റെ ഒറിജിനൽ, പകർപ്പുകൾ എന്നിവ സഹിതം ആർ ഒ പി റെസിഡൻസ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിച്ചാൽ പുതിയ റസിഡന്റ് കാർഡ് സ്വന്തമാക്കാം.
പല കാരണങ്ങളാലാണ് 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
റസിഡന്റ് കാർഡ് ഉള്ളത് വിമാനത്താവളങ്ങളിലെ എൻട്രി, എക്‌സിറ്റ് പ്രക്രിയകൾ എളുപ്പമാക്കുന്നു, മറ്റെല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത് നിർബന്ധമാണെന്നും റസിഡൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് 2022ൽ ഒമാൻ നിർത്തലാക്കിയിരുന്നു. അതുകൊണ്ടുതന്നെ യാത്ര ചെയ്യുമ്പോൾ എല്ലാ വിമാനത്താവളങ്ങളിലും റസിഡന്റ് കാർഡുകൾ ആവശ്യപ്പെടുകയും ചെയ്യും.
ഈ നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്ത് രണ്ട് വർഷമായി പ്രാബല്യത്തിൽ വന്നതാണ്.
എന്നാൽ, പല പ്രവാസികളും ഇതിനെ കുറിച്ച് ബോധവാന്മാരല്ല. പിഴ അടക്കേണ്ടി വരുമ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടാറുള്ളതെന്നും റോയൽ ഒമാൻ പൊലീസ് അധികൃതർ പറഞ്ഞു.
#Residentcard #mandatory #children #above #years #age #Oman