ജിദ്ദ: (gccnews.in) വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച കൂടിയാലോചനക്ക് ആവശ്യമായ ആദ്യഘട്ട പണം ലഭ്യമായി.
ഇരുപതിനായിരം ഡോളറാണ് നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിന്റെ അഭ്യർഥന പ്രകാരം ഇതുവരെ ലഭിച്ചത്.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ചർച്ചയ്ക്ക് നാൽപതിനായിരം ഡോളറാണ് ആവശ്യമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായ പണം സംഭാവനയായി നൽകി.
കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം ഉൾപ്പെടുന്ന ഗോത്രവുമായി ചർച്ച നടത്തുന്നതിനാണ് പ്രാഥമിക ഘട്ടത്തിൽ ഇത്രയും പണം ആവശ്യമുള്ളത്.
പണം സ്വീകരിക്കാൻ യെമനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
നാൽപതിനായിരം ഡോളർ സ്വീകരിക്കാനാണ് യെമനിലെ ഇന്ത്യൻ എംബസിയോട് വിദേശകാര്യ വകുപ്പ് നിർദ്ദേശിച്ചത്. റിയാദിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ ദയാധനം സ്വീകരിക്കാൻ നേരത്തെ സൗദിയിലെ ഇന്ത്യൻ എംബസിക്കും അധികാരം നൽകിയിരുന്നു.
എംബസി വഴി കൈമാറിയ തുകയാണ് റഹീമിന്റെ മോചനത്തിന് വേണ്ടി സൗദി കോടതിയിൽ എത്തിച്ചത്. സമാനമായ നടപടിക്രമങ്ങളാണ് നിമിഷ പ്രിയയുടെ കാര്യത്തിലും നടക്കുന്നത്.
ദയാധനം സംബന്ധിച്ച കൂടിയാലോചന പ്രക്രിയയ്ക്കായി, ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളർ കൈമാറാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി വിദേശകാര്യമന്ത്രാലയത്തിൽ അപേക്ഷ നൽകിയിരുന്നു.
ഇതു പരിഗണിച്ചായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. വിദേശകാര്യമന്ത്രാലയത്തിന്റെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ച ശേഷം യെമനിലെ സൻആയിലുള്ള ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറും.
പിന്നീട് എംബസി നിയോഗിക്കുന്ന അഭിഭാഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക ട്രാൻസ്ഫർ ചെയ്യാനാണ് നീക്കം.
നിമിഷ പ്രിയ കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടികൾ യെമൻ കോടതി കഴിഞ്ഞ മാസം താൽക്കാലികമായി നിർത്തിവച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു കോടതിയുടെ ഇടപെടൽ.
നിമിഷ പ്രിയയെ കാണുന്നതിനായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി കഴിഞ്ഞ ഏപ്രിൽ 23ന് യെമനിൽ എത്തിയിരുന്നു.
പിറ്റേദിവസം നിമിഷ പ്രിയയെ സന്ദർശിക്കുകയും ചെയ്തു. ഇവരുടെ വീസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം പുതുക്കിയിരുന്നു.
#release #Malayaleenurse #Nimishpriya #who #prison #Yemen #donation #received