മക്ക: (gcc.truevisionnews.com) ഇന്ത്യയിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകരുടെ ആദ്യസംഘത്തിന്റെ മടക്കയാത്ര ശനിയാഴ്ച പുലർച്ചെ ആരംഭിക്കും.
മലയാളികൾ ഉൾപ്പെടെ ജിദ്ദ വഴിയെത്തിയ ഹാജിമാരുടെ മദീന സന്ദർശനത്തിനും ശനിയാഴ്ച തുടക്കമാകും. ഡൽഹി ലക്നൗ, ശ്രീനഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് ആദ്യം ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ആദ്യ ദിനത്തിൽ 3,800ഓളം ഹാജിമാരാണ് മടങ്ങുന്നത്. മദീന വഴിയെത്തിയ ഹാജിമാരാണ് ആദ്യ സംഘങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നത്. കഅ്ബയിലെത്തി വിടവാങ്ങൽ ത്വവാഫ് പൂർത്തീകരിച്ചാണ് ഹാജിമാർ മടങ്ങുന്നത്.
ഇതിനായി നാട്ടിൽ നിന്ന് എത്തിയ വളൻറിയർമാരുടെ സഹായത്തോടെ പ്രത്യേക ബസുകളിൽ ഹാജിമാരെ ഹറമിൽ എത്തിച്ച് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഹാജിമാരുടെ ലഗേജുകൾ സർവിസ് കമ്പനികൾ സ്വരൂപിച്ച് എയർപോർട്ടുകളിൽ എത്തിക്കും.
ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ പ്രത്യേക ബസുകളിലാണ് ഹാജിമാരെ എയർപോർട്ടിലേക്ക് കൊണ്ടുപോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനവും ശനിയാഴ്ച മുതൽ ആരംഭിക്കും.
കേരളത്തിൽ നടത്തിയ 490 ഓളം ഹാജിമാരാണ് ശനിയാഴ്ച രാവിലെ മദിന സന്ദർശനത്തിനായി പുറപ്പെടുന്നത്. രാവിലെ 6.30ന് യാത്ര പുറപ്പെടാൻ തയ്യാറാവണം എന്നാണ് ഹാജിമാർക്ക് ലഭിച്ച നിർദേശം.
എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി ഹാജിമാർ നാട്ടിലേക്ക് മടങ്ങും. മദീനയിലെത്തി പ്രവാചകെൻറ ഖബറും മദീനയിലെ ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും.
ജിദ്ദ വഴിയെത്തിയ ഹാജിമാരാണ് മദീനയിലേക്ക് സന്ദർശനത്തിനായി പോകുന്നത്. ഇവർക്ക് യാത്ര ചെയ്യാനായി ഹജ്ജ് സർവിസ് കമ്പനികൾ പ്രത്യേക ബസുകൾ തയ്യാറാക്കിയിട്ടുണ്ട്.
ഹജ്ജ് തുടങ്ങിയത് മുതൽ ഇന്ത്യയിൽ നിന്നുള്ള 60 ഹാജിമാർ മരിച്ചു. ഇതിൽ 18 പേർ മലയാളികളാണ്. ഇവരുടെ ഖബറടക്ക നടപടികൾ പൂർത്തീകരിച്ച് വരികയാണ്.
#first #batch #Indian #pilgrims #return #Saturday