മക്ക: (gccnews.in) വേനൽക്കാലത്ത് മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുനബവിയിലും ജുമുഅ ഖുത്തുബയുടെയും നമസ്കാരത്തിന്റെയും സമയദൈർഘ്യം കുറക്കാൻ സൗദി ഗവൺമെൻറ് നിർദേശം നൽകി.
15 മിനുട്ടിനുള്ളിൽ ജുമുഅ ഖുത്തുബയും നമസ്കാരവും പൂർത്തിയാക്കണം. ജുമുഅ നമസ്കാരത്തിനുള്ള ആദ്യത്തെ ബാങ്ക് വിളിയും വൈകിപ്പിക്കണം.
ആദ്യ ബാങ്കിനും രണ്ടാമത്തെ ബാങ്കിനുമിടയിലുള്ള സമയം 10 മിനുട്ടായി ചുരുക്കണം. വേനൽക്കാലം അവസാനിക്കും വരെ ഈ സമയക്രമമാണ് പാലിക്കേണ്ടത്.
സമയദൈർഘ്യം കുറയ്ക്കുന്നതിനുമുള്ള നിർദേശം ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വാഗതം ചെയ്യുകയും തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു.
തീർഥാടകരുടെ ആരോഗ്യത്തിനും സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും താൽപര്യമാണ് ഇതിന് പിന്നിൽ.
മക്കയിലും മദീനയിലും ജുമുഅ നമസ്‌കാരത്തിന് സാക്ഷ്യം വഹിക്കുന്ന വിശ്വാസികൾക്ക് അതിന് സൗകര്യമൊരുക്കുകയും ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നതിനും ഇത് ഉപകരിക്കുമെന്നും അൽസുദൈസ് കൂട്ടിച്ചേർത്തു.
#Jumuah #khutbah #prayer #shortened #minutes #Makkah #Madinah #summer