ദോഹ: (gcc.truevisionnews.com) ബലിപെരുന്നാളിനോടനുബന്ധിച്ച് ഈ വർഷം 16 രാജ്യങ്ങളിൽ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി ബലിമാംസ വിതരണം നടത്തി.
ഖത്തറിനെ കൂടാതെ ഫലസ്തീൻ, ജോർഡൻ, സിറിയ, അഫ്ഗാനിസ്താൻ, യെമൻ, താജികിസ്താൻ, ബംഗ്ലാദേശ്, മൗറിത്താനിയ, ബെനിൻ, ജിബൂതി, കെനിയ, സുഡാൻ, സൊമാലിയ, നൈജർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി നിരാലംബരും ദരിദ്രരും അഗതികളുമായവർക്ക് ബലിമാംസം ഉൾപ്പെടെ ഭക്ഷണമെത്തിച്ചത്.
60,000ത്തിലധികം ആളുകൾ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ടാകും എന്നാണ് റിപ്പോർട്ട്. പെരുന്നാളിന് മുമ്പും അവധിക്കാലത്തും ദാനധർമങ്ങൾ നൽകാനും അവധിക്കാലത്ത് ആവശ്യക്കാരും അർഹരുമായവർക്ക് ഭക്ഷണം നൽകാൻ പ്രചോദിപ്പിക്കാനും റെഡ് ക്രസന്റ് എല്ലാ വർഷവും പ്രത്യേക കാമ്പയിൻ നടത്താറുണ്ട്.
‘ദൈവിക പ്രതിഫലം തേടി ജീവൻ രക്ഷിക്കുക, അന്തസ്സ് സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബലിമാംസ വിതരണം (അദാഹി പ്രോജക്ട്) നടപ്പാക്കിയതെന്നും പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്തവരോട് നന്ദി അറിയിക്കുന്നതായും ഖത്തർ റെഡ് ക്രസന്റിലെ സന്നദ്ധ പ്രവർത്തന വിഭാഗം ആക്ടിങ് ഡയറക്ടർ മോസ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
ഖത്തർ റെഡ്ക്രസന്റ് പദ്ധതിയിലേക്ക് സംഭാവന നൽകുന്നതിന് ഉദാരമതികൾക്ക് ഒൺലൈൻ ചാനലോ ക്യു.ആർ.സി.എസ് മൊബൈൽ ആപ്ലിക്കേഷനോ ഉപയോഗപ്പെടുത്താം.
നാല് വ്യത്യസ്ത ഒപ്ഷനുകളിലൊന്ന് തിരഞ്ഞെടുത്ത് എസ്.എം.എസ് വഴി സംഭാവന നൽകാനുള്ള സേവനവും ഖത്തർ റെഡ്ക്രസന്റ് ഒരുക്കിയിട്ടുണ്ട്.
#16 #Sacrifice #Meat #Distribution #State #Qatar #Red #Crescent