ദോഹ: കാഠിന്യമേറിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പ്രായമായവർ മുൻകരുതൽ സ്വീകരിക്കണമെന്നും അവർക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും അനിവാര്യമാണെന്നും പ്രാഥമികാരോഗ്യ വകുപ്പ് അറിയിച്ചു.
കടുത്ത ക്ഷീണം, സൂര്യാതപം, തളർച്ച, താപസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രായമേറിയവരിൽ സാധ്യത ഏറെയാണെന്ന് മിസൈമീർ ആരോഗ്യകേന്ദ്രത്തിലെ ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഖമർ മൻസാൽജി പറഞ്ഞു.
വിയർപ്പ് ഉത്തേജിപ്പിക്കുന്നതിനും ചൂടിനെ ചെറുക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനുമായി ധാരാളമായി വെള്ളം കുടിക്കണമെന്നതാണ് പ്രധാന നിർദേശം.
ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. തണ്ണിമത്തൻ, സ്ട്രോബറി, മുന്തിരി, പൈനാപ്പിൾ, വെള്ളരി, ചീര, സെലറി തുടങ്ങിയവ ജലാംശങ്ങൾ കൂടുതൽ അടങ്ങിയതാണ്. പ്രായത്തിനനുസരിച്ച് ദാഹത്തിന്റെ സംവേദനം കുറയുമെന്നതിനാൽ വെള്ളം കുടിക്കാൻ ദാഹത്തിനായി കാത്തിരിക്കരുത്.
അങ്ങനെ ചെയ്താൽ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകും. ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ ഉപയോഗം കുറക്കണം. പുറത്തിറങ്ങുമ്പോൾ അനുയോജ്യമായ വസ്ത്രം ധരിക്കണം.
അയഞ്ഞതും കനം കുറഞ്ഞതും വായുസഞ്ചാരം അനുവദിക്കുന്നതുമായ വസ്ത്രങ്ങളാണ് അനുയോജ്യം. കോട്ടൺ, ലിനൻ വസ്ത്രങ്ങൾ ഉത്തമമാണ്. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ട് മുഖത്തും തലയിലും പതിക്കുന്നത് ഒഴിവാക്കാൻ സൺഗ്ലാസും വലിയ തൊപ്പിയും ധരിക്കാവുന്നതാണ്.
അൾട്രാവയലറ്റ് രശ്മികളിൽനിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസ് ഉപകരിക്കും. പ്രായമായവർ ദിവസവും ഇടവിട്ട് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും.
കാലിലൂടെ തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതാണ്. എന്നാൽ ഇത് വളരെ പതുക്കെയാണ് ചെയ്യേണ്ടതെന്നും ഒറ്റയടിക്ക് ചെയ്യരുതെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു. ചൂട് കൂടുന്ന ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
വൈകുന്നേരങ്ങളിൽ നടത്തം പോലുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്നതാണ്. പകൽ ജാലകങ്ങൾ അടച്ചിടുകയും കർട്ടനിടുകയും ചെയ്യുക, ഭാരം കുറഞ്ഞ കിടക്കകൾ ഉപയോഗിക്കുക, തണുത്ത മുറികളിൽ ഉറങ്ങുക, കൃത്രിമ വെളിച്ചവും ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യുക തുടങ്ങിയവയാണ് വീടകങ്ങളിൽ ചൂടിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.
#heat #Warning #Elderly #people #should #accept #caution