മനാമ: (gccnews.in) ഉത്തരകേരളത്തിലെ ആരാധനാമൂർത്തിയായ പറശിനിക്കടവ് മുത്തപ്പൻ കടൽകടന്നെത്തിയപ്പോൾ അത് ബഹ്‌റൈനിലെ കാസർഗോഡ് മുതൽ കന്യാകുമാരി വരെയുള്ള വിശ്വാസികൾക്കും കലാസ്വാദകർക്കും അപൂർവ അനുഭവമായി മാറി.
സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ വരെ മുത്തപ്പനെ ഒരു നോക്ക് കാണാൻ ബഹ്‌റൈനിൽ എത്തിച്ചേർന്നു.
ബഹ്റൈൻ മുത്തപ്പൻ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ ദിവസം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് മുത്തപ്പൻ, തിരുവപ്പന തെയ്യക്കോലങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
പറശിനിക്കടവ് ക്ഷേത്രത്തിൽ നടന്നുവരുന്ന മുത്തപ്പൻ തെയ്യത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെയുമാണ് കേരളീയ സമാജത്തിൽ പ്രത്യേകം തയ്യാറാക്കിയ മഠപ്പുര മുറ്റത്ത് മുത്തപ്പനും തിരുവപ്പനയും കെട്ടിയാടിയത്.
മലയാളികൾ ആഘോഷമാക്കിയ കലാരൂപം
വിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനത്തിന്റെയും ഭാഗമായാണ് പറശിനിക്കടവ് മുത്തപ്പൻ കെട്ടിയാടുന്നതെങ്കിലും പ്രവാസികൾ ജാതിമതഭേദമന്യേ ആഘോഷമാക്കിയാണ് മുത്തപ്പനെ സ്വീകരിച്ചത്.
തലേന്നാൾ തന്നെ പ്രത്യേകം തയ്യാറാക്കിയ മഠപ്പുരയ്ക്ക് മുന്നിൽ വൈവിധ്യമാർന്ന ചടങ്ങുകളോടെയും വാദ്യമേളങ്ങളോടെയും കൊടിയേറ്റം നടത്തി.
തുടർന്ന് അടുത്ത ദിവസം അതി രാവിലെ തന്നെ മുഖത്തെഴുത്ത് പൂർത്തിയാക്കി കോലധാരികൾ കിരീടധാരണം നടത്തി. തുടർന്ന് തോറ്റം പാട്ടിന്റെ അകമ്പടിയോടെ മുത്തപ്പനും തിരുവപ്പനയും അരങ്ങിലെത്തി.
രാവിലെ മുതൽ സൗദി അറേബ്യയയിൽ നിന്നടക്കമുള്ള വിശ്വാസികൾ മുത്തപ്പ ദർശനത്തിനായി ബഹ്റൈനിലേക്ക് ഒഴുകുകയായിരുന്നു. ഉച്ചയ്ക്ക് എല്ലാ വിശ്വാസികൾക്കുമായി അന്നദാനവും സംഘാടകർ ഒരുക്കിയിരുന്നു.
കൂടാതെ പറശ്ശിനിക്കടവിൽ നിന്ന് ലഭിക്കുന്ന മുത്തപ്പ പ്രസാദമായ തേങ്ങയും പയറും ചായയും കഴിച്ചാണ് തെയ്യം കാണാൻ എത്തിയവർ മടങ്ങിയത്. വൈകീട്ട് കൊച്ചുകുട്ടികളും സ്ത്രീകളും പങ്കെടുത്ത മനോഹരമായ ഘോഷയാത്രയും നടന്നു.
ഇതോടനുബന്ധിച്ച് സമാജം ബാബുരാജൻ ഹാളിൽ വച്ച് നടന്ന സാംസ്കാരിക പരിപാടിയിൽ ബഹ്‌റൈനിലെ പ്രമുഖരായ വ്യക്തികളും സംബന്ധിച്ചു.
കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവും ഉത്സവത്തിന്റെ മുഖ്യ കോലാധാരിയുമായ രവീന്ദ്രൻ കൊയിലത്തിന് ബഹ്‌റൈൻ ശ്രീ മുത്തപ്പൻ മടപ്പുര ആദരിക്കുകയും ചെയ്തു.
ബഹ്‌റൈനിലെ ജനകീയ ഫൊട്ടോഗ്രാഫർ എന്നറിയപ്പെടുന്ന വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാറിന് മടപ്പുര കലാശ്രേഷ്ഠ പുരസ്കാരവും ഫൈസൽ പട്ടാണ്ടിയിലിന് മടപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു.
ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മടപ്പുര കുടുംബാംഗങ്ങളുടെ കുട്ടികളെയും ഈ അവസരത്തിൽ ആദരിച്ചു ബഹ്‌റൈനിൽ 2019ൽ ആരംഭിച്ച മുത്തപ്പൻ മഠപ്പുരയുടെ ഭാഗമായി ഇത് മൂന്നാം തവണയാണ് തിരുവപ്പന മഹോത്സവം ആഘോഷിക്കുന്നത്.
ജാതി മത ഭേദമില്ലാതെ എല്ലാ മലയാളിളും ഈ മഹോത്സവത്തിന്റെ ഭാഗമാകാൻ എത്തിച്ചേർന്നു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സംഘാടകർ പറഞ്ഞു.
#grandfather #crossed #sea #Believers #across #borders