അബുദാബി: (truevisionnews.com) വേനൽ അവധിക്കാലത്ത് വീടും വാഹനങ്ങളും പൂട്ടി പോകുന്നവർ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.
സ്വദേശികളും വിദേശികളും ഇക്കാര്യത്തിൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. വിദേശത്തേക്കു പോകുന്നവർ സ്വർണം, പണം തുടങ്ങിയവ വീട്ടിൽ സൂക്ഷിക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു.
‘സുരക്ഷിത യാത്ര’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്നിലൂടെയാണ് പ്രതിരോധ, സുരക്ഷാ നടപടികൾ കൈക്കൊള്ളാൻ പൊലീസ് ആഹ്വാനം ചെയ്തത്.
എല്ലാ ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതമാക്കിയെന്ന് ഉറപ്പാക്കണമെന്നും വീടിന്റെ പരിസരത്തെ സംശയാസ്പദ ചലനങ്ങൾ നിരീക്ഷിക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും നന്നായിരിക്കുമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ദിനപത്രങ്ങൾ വാതിലിന് മുന്നിൽ കുമിഞ്ഞുകിടക്കുന്നത് ആളില്ലെന്ന തോന്നലുളവാക്കും. അതിനാൽ അവ എടുത്തുമാറ്റാൻ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏൽപിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
മുൻകാലങ്ങളിൽ അവധിക്കാലത്ത് വീട് കുത്തിത്തുറന്നും മറ്റുമുള്ള മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷാവലയം തീർക്കാം
∙ യാത്രയ്ക്ക് മുൻപ് വീടിന്റെ വാതിലുകൾ കൃത്യമായി പൂട്ടിയെന്ന് ഉറപ്പുവരുത്തുക.
∙ വിലപിടിപ്പുള്ള വസ്തുക്കളും പണവും കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച സേഫ് ലോക്കറിലോ ബാങ്ക് ലോക്കറിലോ മാത്രം സൂക്ഷിക്കുക.
∙ വൈദ്യുതിയും പാചകവാതക കണക്‌ഷനും വിഛേദിക്കുക
. പാചകവാതക സിലിണ്ടർ വെയിലേൽക്കുന്നിടത്തല്ലെന്ന് ഉറപ്പുവരുത്തുക.
∙ വാഹനങ്ങൾ മോഷണം പോകുന്നത് തടയാനായി അലാം ഘടിപ്പിക്കുക.
∙ യാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം നൽകാതിരിക്കുക.
∙ പൊലീസിന്റെ സുരക്ഷാ സേവനത്തിനായി 8002626 നമ്പറിൽ ബന്ധപ്പെടുക.
#AbuDhabi #Police #warns #those #who #go #lock #houses #vehicles #ensure #safety.