കുവൈത്ത് സിറ്റി: (gccnews.in) രാജ്യത്ത് കെട്ടിട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിട പരിശോധന തുടരുന്നു.
ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഫർവാനിയ ഗവർണറേറ്റിലെ 245 കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിരവധി കെട്ടിടങ്ങളുടെ നിർമാണ പ്രവര്‍ത്തനം തടഞ്ഞതായും അധികൃതര്‍ അറിയിച്ചു.
നിർമാണ നിയന്ത്രണ ലംഘനങ്ങൾ പരിശോധിക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ മേൽനോട്ട സംഘം രാജ്യത്തുടനീളം പരിശോധന തുടരുമെന്ന് ഫർവാനിയ മുനിസിപ്പാലിറ്റിയുടെ എൻജിനീയറിങ് സൂപ്പർവിഷൻ വിഭാഗം മേധാവി ജാസിം അൽ ഖുദർ പറഞ്ഞു.
കെട്ടിട ലൈസൻസുകളും അനുവദനീയമായ സ്റ്റോറുകളുടെ എണ്ണവും വീട്ടുടമസ്ഥർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടിന്റെ ബേസ്മെന്റുകൾ നിയമവിരുദ്ധമായി വെയർഹൗസുകളാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കുവൈത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
ബേസ്മെന്റുകൾ ഒഴിപ്പിക്കുന്ന നടപടിയും അധികൃതർ തുടരുകയാണ്.
മഹ്ബൂലയിൽ അനധികൃത നിർമാണങ്ങൾ നീക്കി
കുവൈത്ത് സിറ്റി: മഹ്ബൂലയിൽ 100 അനധികൃത നിർമാണങ്ങൾ അഹമ്മദി ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്മെന്റ് നീക്കം ചെയ്തു.
സർക്കാർ വസ്തുക്കളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്നവയും ഇതിൽ ഉൾപ്പെടുന്നു. മുനിസിപ്പാലിറ്റി മന്ത്രി ഡോ.നൂറ അൽ മഷാൻ, കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എന്നിവരുടെ നിർദേശപ്രകാരമാണ് നടപടി.
#investigation #continues #Action #against #buildings# Farwaniya