മക്ക: മക്കയിലെ ഹറമിൽ ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ ഇന്ന് ജുമുഅയിലും പ്രാർത്ഥനയിലും പങ്കെടുത്തു. മക്കയിൽ 45 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നത്തെ ചൂട്.
കൊടും ചൂടിലും ഹാജിമാർക്ക് സഹായത്തിനായി സന്നദ്ധപ്രവർത്തകർ രംഗത്തിറങ്ങി. ഹജ്ജ് അവസാനിച്ച ശേഷം 16,448 തീർത്ഥാടകരാണ് നിലവിൽ നാട്ടിലേക്ക് മടങ്ങിയത്.
13,567 തീർത്ഥാടകർ ഇപ്പോൾ മദീന സന്ദർശനത്തിലാണ്. ബാക്കിയുള്ള 108632 തീർത്ഥാടകരാണ് നിലവിൽ മക്കയിലുള്ളത്. ഇവരിൽ ഭൂരിഭാഗം ഹാജിമാരും ജുമുഅയിൽ പങ്കെടുക്കാൻ ഹറമിലെത്തി.
45 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്ന് മക്കയിലെയും പരിസരത്തെയും അന്തരീക്ഷതാപനില. പുലർച്ചെ മുതൽ തിരക്കൊഴിവാക്കാൻ ഹാജിമാർ ഹറമിലേക്ക് പുറപ്പെട്ടു. ഇതിനായി ഇന്ത്യൻ ഹാജിമാർക്ക് താമസ കേന്ദ്രങ്ങളിൽ നിന്നും പ്രത്യേക ബസ് സർവീസ് ഒരുക്കിയിരുന്നു.
ശക്തമായ ചൂടായതിനാൽ ജുമുഅ പ്രഭാഷണം 15 മിനിറ്റാക്കി ചുരുക്കിയിട്ടുണ്ട്. ചൂട് അവസാനിക്കും വരെ ഈ രീതി തുടരും. ശക്തമായ ചൂടിൽ ഹാജിമാർക്ക് തണലായി സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ വളണ്ടിയർമാരും വഴിനീളെ സേവനത്തിനിറങ്ങി.
തിനായിരത്തിലേറെ മലയാളി ഹാജിമാരും ഇന്ന് ഹറമിലെത്തി പ്രാർത്ഥനയിൽ പങ്കെടുത്തിട്ടുണ്ട്. മലയാളി ഹാജിമാരുടെ മദീന സന്ദർശനം നിലവിൽ തുടരുകയാണ്.
ജൂലൈ ഒന്നിന് പുലർച്ചെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കം ആരംഭിക്കുന്നത്. ആദ്യദിനം മദീനയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കാണ് മടക്ക യാത്ര.
#temperatures #have #risen #makkah #volunteers #help #pilgrims